വാക്കുകൊണ്ടും പ്രവര്‍ത്തി കൊണ്ടും പലരും നിങ്ങളെ വേദനിപ്പിക്കുന്നുണ്ടാകും. പക്ഷെ അവരോടെല്ലാം കാലം കണക്കു ചോദിച്ചോളും എന്നായിരിക്കും നിങ്ങള്‍ കരുതുക. എന്നാല്‍ നിങ്ങളെ വേദനിപ്പിച്ചവരെ തിരിച്ച് വേദനിപ്പിക്കാന്‍ കഴിയുന്ന ഒന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു ആര്‍ട്ടിസ്റ്റ്.
തന്നെ കരയിക്കുന്നവര്‍ക്ക് നല്‍കാന്‍ വ്യത്യസ്തമായൊരു മറുപടി കണ്ടെത്തിയിരിക്കുകയാണ് തായ്വാനില്‍ നിന്നുള്ള ഒരു ആര്‍ട്ടിസ്റ്റ്. യി ഫീ ചെന്‍ എന്ന ആര്‍ട്ടിസ്റ്റാണ് തന്നെ കരയിക്കുന്നവരെ നേരിടാന്‍ വ്യത്യസ്തമായ ഒരു ടിയര്‍ ഗണ്‍ ഉണ്ടാക്കിയിരിക്കുന്നത്.
കരയുമ്പോള്‍ ചെന്നിന്റെ കണ്ണുനീര്‍ ഫ്രീസ് ചെയ്യും, പിന്നീട് അത് ബുള്ളറ്റ് പോലെ പ്രവര്‍ത്തിച്ച് തോക്കില്‍ നിന്നും പുറത്ത് വരും. തന്നോട് പരുഷമായി സംസാരിച്ച അധ്യാപകന്‍ കാരണമാണ് ഇങ്ങനെ ഒരു തോക്ക് നിര്‍മിക്കാന്‍ ചെന്നിനെ പ്രേരിപ്പിച്ചത്.
അധ്യാപകന്റെ പെരുമാറ്റം അവളെ വളരെ അധികം വേദനിപ്പിച്ചു. എന്നാല്‍, അധ്യാപകനല്ലേ തിരികെ ഒന്നും പറയാനവള്‍ക്ക് കഴിഞ്ഞില്ല. അങ്ങനെയാണ് പിന്നീട് നെതര്‍ലാന്‍ഡില്‍ പഠിക്കവെ ബിരുദത്തിനുള്ള പ്രൊജക്ടായി അവള്‍ ഈ വ്യത്യസ്തമായ തോക്ക് നിര്‍മ്മിച്ചത്. എന്നാല്‍ ചെന്നിന്റെ കണ്ടുപിടിത്തത്തെ കുറിച്ചറിഞ്ഞ ഈ അധ്യാപകന്‍ ചെന്നിനെ അഭിനന്ദിക്കുകയാണത്രെ ചെയ്തത്.