ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ റിലീസിനിടെയുണ്ടായ തിക്കും തിരക്കിലും പെട്ട് ഗുരുതരാവസ്ഥയില്‍ ആയിരുന്ന കുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഒന്‍പത് വയസ്സുകാരന് ശ്രീതേജിന്റെ മസ്തിഷ്ക മരണം ആണ് സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു.
ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീതേജ്. ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണറാണ് വിവരം പുറത്തുവിട്ടത്.
രേവതി, ഭര്‍ത്താവ് ഭാസ്കര്‍ മക്കളായ ശ്രീ തേജ് സാന്‍വിക (7) എന്നിവര്‍ക്കുമൊപ്പം പുഷ്പ 2 വിന്റെ പ്രീമിയര്‍ ഷോ ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യ തിയറ്ററില്‍ കാണാനെത്തിയതായിരുന്നു. അല്ലു അര്ജുന് എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ട് രേവതിയും മകന് തേജും ബോധരഹിതരാവുകയായിരുന്നു. തുടര്‍ന്ന് ദുര്‍ഗാ ബായ് ദേശ്മുഖ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഗുരുതരമായി പരിക്കേറ്റ തേജിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ബേഗംപേട്ടിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യസ്ഥിതി ഇടയ്ക്കൊന്ന മെച്ചപ്പെട്ടിരുന്നു.
അപകടം സംഭവിച്ച ഹൈദരാബാദിലെ സന്ധ്യ തിയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കും. അതിനിടെ സംഭവം നടന്ന സന്ധ്യ തിയറ്ററിന് കാരണം കാണിക്കല്‍ നോട്ടീസ്. തിയറ്റര്‍ മാനേജിന്റെ ഭാഗത്തു നിന്നുണ്ടായ 11 തെറ്റുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നോട്ടീസ്.
അല്ലു അര്ജുന് തിയറ്ററില്‍ എത്തുന്ന വിവരം പൊലീസില്‍ അറിയിക്കാന്‍ വൈകിയെന്നും തിയറ്ററില്‍ എത്തുന്നവരെ നിയന്ത്രിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നുമാണ് പറയുന്നത്. നോട്ടീസിന് മറുപടി നല്കാന് പത്ത് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ തിയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും പറയുന്നുണ്ട്.
സംഭവത്തില്‍ അല്ലു അര്‍ജുനെതിരേ കേസെടുക്കുകയും നടന് അറസ്റ്റിലാവുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അല്ലു അര്‍ജുനെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. പ്രീമിയറില്‍ പങ്കെടുക്കാന്‍ അല്ലു അര്ജുന്, രശ്മിക മന്ദാന തുടങ്ങിയവര്‍ സന്ധ്യാ തിയേറ്ററിലെത്തുമെന്ന വിവരം അറിയിച്ചില്ലെന്നാണ് പോലീസ് ഭാഷ്യം.