മധ്യപ്രദേശ്: മധ്യപ്രദേശിലെ ഒരാശുപത്രിയില്‍ ഓക്‌സിജന്‍ സപ്ലൈ പൈപ്പ് മോഷണം പോയതോടെ വലഞ്ഞത് നവജാതശിശുക്കള്‍. ശ്വാസം മുട്ടി കരഞ്ഞത് 12 നവജാതശിശുക്കള്‍ ആയിരുന്നു.
ആശുപത്രി ഓക്‌സിജന്‍ സപ്ലൈ പൈപ്പ് മോഷണം പോയതിന് പിന്നാലെയാണ് കുഞ്ഞുങ്ങള്‍ ദുരിതത്തില്‍ ആയത്. എന്‍ഐസിയുവില്‍ അഡ്മിറ്റായ കുഞ്ഞുങ്ങളാണ് ശ്വാസം കിട്ടാതെ വലഞ്ഞത്. മധ്യപ്രദേശിലെ രാജ്ഘഡിലെ ജില്ലാശുപത്രിയിലാണ് സംഭവം.
ചൊവ്വാഴ്ച രാത്രിയാണ് ആശുപത്രിയിലെ എന്‍ഐസിയുവിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്ന 15 അടി നീളമുള്ള ചെമ്പ് പൈപ്പ് മോഷണം പോയത്. ശ്വാസം മുട്ടിയ കുഞ്ഞുങ്ങള്‍ ഒരുമിച്ച് പൊട്ടിക്കരഞ്ഞത് ആശുപത്രിയില്‍ പരിഭ്രാന്തി പടര്‍ത്തുകയായിരുന്നു.
ഓക്‌സിജന്റെ അഭാവം വന്നതോടെ ആശുപത്രിയിലെ അലാറം മുഴങ്ങിയിരുന്നു. ഓക്‌സിജന്‍ പുനസ്ഥാപിക്കാനായി ആശുപത്രി ജീവനക്കാര്‍ നെട്ടോട്ടമോടി. ഗുരുതരമായ അവസ്ഥയെ നിയന്ത്രിക്കാനായത് മറ്റൊരു ജംബോ ഓക്‌സിജന്‍ സിലിണ്ടര്‍ സ്ഥാപിച്ചതോടെയാണെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.
വാര്‍ത്ത അറിയിച്ച ഉടന്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. ആര്‍.എസ് മാഥുര്‍ ആശുപത്രിയിലെത്തിയിരുന്നു. ഗുരുതരമായ അവസ്ഥയായിരുന്നെങ്കിലും ജംബോ സിലിണ്ടര്‍ ഉപയോഗിക്കാനായത് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ചെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറായ ഡോ. കിരണ്‍ വാദിയ പറഞ്ഞു.
എന്‍ഐസിയുവില്‍ ഉണ്ടായിരുന്ന 20 ശിശുക്കളില്‍ 12 പേര്‍ക്കും ഓക്‌സിജന്‍ ആവശ്യമുണ്ടായിരുന്നു. ആരാണ് മോഷണത്തിന് പിന്നിലെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.