ക്രിസ്‌മസ്സ് - ന്യൂ ഇയർ സീസൺ വേളയിൽ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ യുകെയിൽ നിന്നുള്ള പ്രവാസി യാത്രക്കാരെ കൊള്ളയടിക്കുന്നതിനിടെ, നാട്ടിലേക്ക് പോകുന്നവർക്ക് മറ്റൊരു ഇരുട്ടടി കൂടി.
അബുദാബിയിലേക്ക് നേരിട്ടുള്ള എല്ലാ സർവീസുകളും നിർത്തിവച്ചതായി ബ്രിട്ടീഷ് എയർലൈൻസ് അറിയിച്ചു.
ഗൾഫ് വഴി നാട്ടിലേക്ക് യാത്രചെയ്യാൻ തീരുമാനിച്ചവർക്ക് തിരിച്ചടിയാകുന്നതാണ് ഈ അപ്രതീക്ഷിത തീരുമാനം. സീസൺ ടൈമിൽ ടിക്കറ്റ് നിരക്കുകൾ ഉയർന്നുനിൽക്കെ, ബ്രിട്ടനിൽ നിന്നുള്ളവർ ഏറെ ആശ്രയിക്കുന്ന ഒരുപ്രമുഖ വിമാന സർവീസ് കൂടി ഇല്ലാതാകുന്നത് കൂനിന്മേൽ കുരുവെന്നപോലെ നാട്ടിലേക്കുള്ള യാത്ര ദുഷ്‌കരമാക്കും.
ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രം കൂടിയായ അബുദാബിയിലേക്ക്, ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാനങ്ങളുമാണ് ബ്രിട്ടീഷ് എയർവേയ്സ് താൽക്കാലികമായി നിലത്തിറക്കുന്നത്. ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളുടെ എഞ്ചിൻ തകരാറാണ് കാരണമായി പറയുന്നത്. ഇതുമൂലം ലണ്ടൻ ഹീത്രൂവിൽ നിന്ന് അബുദാബിയിലേക്കുള്ള റൂട്ട് താൽക്കാലികമായി നിർത്തിവച്ചതായും ബ്രിട്ടീഷ് എയർവേയ്‌സ് അറിയിപ്പിൽ പറയുന്നു.
പെട്ടെന്നൊന്നും പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും ബി.എ വക്താവ് അറിയിച്ചു. ഈ തടസ്സം അടുത്ത വർഷം മാർച്ച് 30 മുതൽ ഒക്ടോബർ 25 വരെ നീണ്ടുനിൽക്കും. നേരത്തേയും എൻജിൻ തകരാർ പ്രശ്‌നം മൂലം നിരവധി ബോയിങ് ഡ്രീംലൈനർ വിമാനങ്ങൾ ബി.എ നിലത്തിറക്കിയിരുന്നു.
ടിക്കറ്റുകൾ കിട്ടാനില്ലാത്തതുമൂലം യുകെ മലയാളികൾ അടക്കമുള്ള പലരും ഗൾഫ് വഴി നാട്ടിലേക്കുള്ള യാത്രയിൽ ബ്രിട്ടീഷ് എയർവേയ്‌സ് ടിക്കറ്റുകൾ ബുക്കുചെയ്തിരുന്നു. പകരം സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പെട്ടെന്നുള്ള സർവീസ് റദ്ദാക്കൽ, ഇത്തരക്കാരുടെ യാത്രകൾ വൈകിക്കുകയും അവധിക്കാല യാത്രാ പ്ലാനുകൾ തകിടംമറിക്കുകയും ചെയ്യും.
ഈ കാലയളവിൽ ഇതിനകം ബി.എ ഫ്ലൈറ്റുകളിൽ ബുക്ക് ചെയ്ത യാത്രക്കാർ പകരം വിമാനങ്ങളിൽ ദുബായ് അല്ലെങ്കിൽ ദോഹ വഴി പറക്കാൻ നിർബന്ധിതരാകും. അല്ലെങ്കിൽ ലണ്ടൻ ഗാറ്റ്വിക്ക് വഴിയുള്ള വിമാനത്തിലേക്ക് മാറേണ്ടി വരും.
അതുപോലെ അബുദാബിയിലേക്കുതന്നെ നേരിട്ട് പോകാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ബിഎയുടെ പങ്കാളി എയർലൈനുകളിലൊന്നായ ഇത്തിഹാദ് അല്ലെങ്കിൽ ഖത്തർ എയർവേയ്സ് ഉപയോഗിച്ച് വീണ്ടും ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. എന്നാൽ ക്രിസ്മസ്സിനും ന്യൂ ഇയറിനും മുമ്പ് ഈവിധത്തിൽ സീറ്റ് കിട്ടുക സാധ്യമായേക്കില്ല.
പ്രമുഖ ജെറ്റ് എൻജിൻ നിർമ്മാതാക്കളായ "റോൾസ് റോയ്സിൽ നിന്നുള്ള എഞ്ചിനുകളും ഭാഗങ്ങളും വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിടുന്നതിനാലാണ് ഷെഡ്യൂളിൽ കൂടുതൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നതെന്നും അതിൽ ഖേദിക്കുന്നുവെന്നും ബി.എ അറിയിപ്പിൽ പറയുന്നു. ബോയിങ് 787 ഡ്രീംലൈനർ വിമങ്ങളുടെ എൻജിനിലാണ് പറക്കുമ്പോൾ തകരാറുകൾ വന്നേക്കുമെന്ന് ആശങ്കപ്പെടുന്നത്.
"ദുരിതബാധിതരോട് ഞങ്ങൾ ക്ഷമ ചോദിക്കുന്നു, ബ്രിട്ടീഷ് എയർവേയ്സിനോ ഞങ്ങളുടെ പങ്കാളിത്ത എയർലൈനുകളിലോ ബുക്കിങ് ദിവസം തന്നെ ഭൂരിഭാഗം പേർക്കുംയാത്ര വാഗ്ദാനം ചെയ്യാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.” ബി.എ പറയുന്നു.