പഴയ വീട് വാങ്ങി റിനോവേറ്റ് ചെയ്ത് വില്‍ക്കുന്ന രീതി ഇപ്പോള്‍ എല്ലായിടത്തും ഉണ്ട്. എന്നാല്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങിയ വീട് റിനോവേറ്റ് ചെയ്യാന്‍ അതിലും വലിയ തുക ചിലവാക്കുന്ന കാര്യം ചിന്തിച്ചു നോക്കൂ. അത്തരത്തില്‍ ഒരു സംഭവം ആണ് ഇറ്റലിയില്‍ നടന്നത്.
യുഎസ് സ്വദേശിയായ മെറിഡിത്ത് ടാബോണ്‍ ആണ് ഇറ്റലിയില്‍ വാങ്ങിയ ഒരു പഴയ വീട് മോടിപിടിക്കാന്‍ ഇത്രയധികം രൂപ ചെലവാക്കിയത്. ചിക്കാഗോയിലാണ് മെറിഡിത്ത് താമസിക്കുന്നത്. ഇറ്റലിയിലെ സാംബുക്ക ഡി സിസിലിയ ഗ്രാമത്തിലെ ആളൊഴിഞ്ഞ ഒരു വീടാണ് മെറിഡിത്ത് സ്വന്തമാക്കിയത്.
2019-ലെ ഒരു ലേലത്തിലൂടെ 85 രൂപയ്ക്കാണ് (1.05 ഡോളര്‍) മെറിഡിത്ത് ഈ ഭവനം വാങ്ങിയത്. ലേലത്തില്‍ വാങ്ങിയ വീട് വളരെ ചെറുതായത് കൊണ്ട് തന്നെ വീടിനോട് ചേര്‍ന്നുള്ള സ്ഥലവും മെറിഡിത്ത് വാങ്ങി. 19.5 ലക്ഷം രൂപ (23000ഡോളര്‍) ആണ് ആ സ്ഥലം വാങ്ങുന്നതിനായി മെറിഡിത്ത് ചെലവാക്കിയത്. ഇതിനുപിന്നാലെയാണ് വീടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വീട് നവീകരിക്കാനായി 4 കോടി രൂപയോളം (480,000 ഡോളര്‍) മെറിഡിത്ത് ചെലവാക്കി. 17-ാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട വീടാണിത്. തുടക്കത്തില്‍ വീട് നവീകരണത്തിനായി 34 ലക്ഷം രൂപയുടെ ബജറ്റാണ് മെറിഡിത്ത് തയ്യാറാക്കിയത്. എന്നാല്‍ ഈ തുക കൊണ്ടൊന്നും വീട് നവീകരിക്കല്‍ പൂര്‍ത്തിയായില്ല. നാല് കോടി രൂപ ചെലവാക്കിയാണ് വീടിനെ താമസയോഗ്യമാക്കി മാറ്റിയത്.
'' എന്റെ ജീവിതത്തില്‍ ഇത്തരമൊരു നവീകരണം ഞാന്‍ നടത്തിയിട്ടില്ല,'' - എന്ന് മെറിഡിത്ത് സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വീട് മോടിപിടിപ്പിച്ചതിന് പിന്നാലെ നിരവധി പേരാണ് വീട് വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് തന്നെ സമീപിച്ചതെന്നും മെറിഡിത്ത് പറഞ്ഞു. എന്നാല്‍ ഈ വീട് വില്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മെറിഡിത്ത് വ്യക്തമാക്കി. എത്രവലിയ ഓഫര്‍ ലഭിച്ചാലും വീട് വില്‍ക്കാന്‍ താന്‍ ഒരുക്കമല്ലെന്ന് മെറിഡിത്ത് പറഞ്ഞു. മെറിഡിത്തിന്റെ മുത്തച്ഛന്റെ കുടുംബം ഇറ്റലിയിലെ സിസിലിയ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. 1908ലാണ് മെറിഡിത്തിന്റെ കുടുംബം അമേരിക്കയിലേക്ക് കുടിയേറിയത്. തന്റെ കുടുംബത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് സിസിലിയ ഗ്രാമത്തില്‍ ഒരു വീട് സ്വന്തമാക്കാന്‍ മെറിഡിത്ത് തീരുമാനിച്ചത്.