വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ജീവനാംശമായി ചാക്ക് നിറയെ നാണയങ്ങള്‍ നല്‍കിയ ഭര്‍ത്താവ്. തമിഴ്‌നാട് സ്വദേശി ആണ് ഇത്തരത്തില്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. കോയമ്പത്തൂരിലെ അഡീഷണല്‍ കുടുംബ കോടതിയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്.
കഴിഞ്ഞ വര്‍ഷം ആണ് ഭാര്യ വിവാഹമോചന ഹര്‍ജി നല്‍കുകയും ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് കോടതി ഇയാളോട് ആവശ്യപ്പെട്ടിരുന്നു. അത് പ്രകാരമാണ് നാണയങ്ങള്‍ ചാക്കിലാക്കി കോള്‍ ടാക്‌സി ഉടമയായ ഇയാള്‍ കോടതിയിലെത്തിയത്.
സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ 37 -കാരനായ ഇയാള്‍ കോടതി മുറിയില്‍ നിന്നും ചാക്കിലാക്കിയ നാണയങ്ങളുമായി തിരികെ തന്റെ വാഹനത്തിന് അരികിലേക്ക് വരുന്നത് കാണാം. കോടതി നിര്‍ദ്ദേശിച്ച 2 ലക്ഷം രൂപയില്‍ 80,000 രൂപയാണ് ഇയാള്‍ നാണയങ്ങളായി കോടതിയില്‍ കൊണ്ടുവന്നത്. ഒരു രൂപയുടെയും രണ്ടു രൂപയുടെയും നാണയങ്ങളും നോട്ടുകളും ആയിരുന്നു ഇതില്‍ ഉണ്ടായിരുന്നത്.
എന്നാല്‍, ഇയാളുടെ പ്രവൃത്തിയില്‍ കോടതി അസംതൃപ്തി പ്രകടിപ്പിക്കുകയും പണം നോട്ടുകളായി നല്‍കാനും നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് ഇയാള്‍ പിന്നീട് നാണയങ്ങള്‍ക്ക് പകരം കറന്‍സി നോട്ടുകള്‍ നല്‍കി. ബാക്കി തുകയായ 1.2 ലക്ഷം രൂപ ഉടന്‍ കൈമാറാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.