കൊച്ചി: എറണാകുളം ഇടപ്പള്ളി ഒബ്റോണ്‍ മാളില്‍ സംഗീത നിശയ്ക്കിടെ തിക്കും തിരക്കും. തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായതായി റിപ്പോര്‍ട്ട്. മാളിന്റെ റീലോഞ്ചുമായി ബന്ധപ്പെട്ട് ഗായകന്‍ സൂരജ് സന്തോഷ് നയിച്ച സംഗീത നിശയ്ക്കിടെയാണ് തിക്കും തിരക്കും ഉണ്ടായത്.
ഇന്നലെ ആണ് സംഭവം ഉണ്ടായത്. റീലോഞ്ച് ഫങ്ഷന്‍ കൂടി ആയതിനാല്‍ സംഗീത നിശയ്ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ എത്തിയിരുന്നു. ഇതാണ് അപ്രതീക്ഷിതമായ തിക്കും തിരക്കിനും കാരണമായത്.
പരിപാടിക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരുന്നു. ഇതും ആളുകള്‍ കൂടാന്‍ കാരണമായിരുന്നു. പൊലീസ് എത്തി പരിപാടി നേരത്തെ അവസാനിപ്പിച്ചു. അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ശേഷം അടുത്തിടെയാണ് മാളിന്റെ റീലോഞ്ച് നടന്നത്. ഇതിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും മറ്റും സംഘടിപ്പിച്ചിരുന്നു. നിരവധി പേരാണ് പരിപാടി കാണാന്‍ അങ്ങോട് എത്തിയത്.
സംഭവത്തില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗുരുതരമായ ബുദ്ധിമുട്ടുകള്‍ ഇല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ആളുകള്‍ കൂടുതലായി ഇവിടേക്ക് എത്തിയതോടെ പൊലീസ് എത്തി പരിപാടി വോഗം അവസാനിപ്പിക്കുകയായിരുന്നു.