എം.ടി.വാസുദേവന്‍ നായരുടെ ആരോഗ്യ നിലയില്‍ ആശ്വാസകരമായ വാര്‍ത്ത പുറത്ത്. എംടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി എന്ന് ഡോക്ടര്‍മാര്‍.
നിലവില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആണ് അദ്ദേഹം ചികിത്സയില്‍ ഉള്ളത്. അദ്ദേഹം ഐസിയുവില്‍ ചികിത്സയില്‍ ആണ്. ഇപ്പോള്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായി ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ ആണ് ഈ കാര്യം വ്യക്തമാക്കിയത്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം എം.ടിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്. ഈ മാസം 15നാണ് വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെയോടെ ആരോഗ്യനില വഷളായി. ഹൃദയസ്തംഭനവുമുണ്ടായി. ആലങ്കോട് ലീലാകൃഷ്ണന്‍, അബ്ദുള്‍ സമദ് സമദാനി, സംവിധായകന്‍ ജയരാജ്, നിര്‍മാതാവ് സുരേഷ് കുമാര്‍, നടന്‍ വി.കെ. ശ്രീരാമന്‍ തുടങ്ങിയവര്‍ ഇന്നലെ എം.ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
കഴിഞ്ഞ ദിവസം രാവിലെയോടെ ആരോഗ്യനില കൂടുതല്‍ വഷളായിരുന്നു. തുടര്‍ന്നാണ് ഹൃദയസ്തംഭനം ഉണ്ടാകുന്നത്. ഓക്സിജന്‍ മാസ്‌കിന്റെയും മറ്റും സഹായത്തോടെയാണ് ഐസിയുവില്‍ കഴിയുന്നത്. ഇന്ന് രാവിലെ എംടിയുടെ ബന്ധുക്കളെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി.
വിവരമറിഞ്ഞ് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖരാണ് ആശുപത്രിയിലേക്ക് വിവരം അന്വേഷിച്ച് എത്തിയത്. സര്‍ക്കാരും സംവിധാനങ്ങളുമെല്ലാം എംടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഒപ്പമുണ്ടെന്നും സാദ്ധ്യമായ സംവിധാനങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.