യുകെയും യൂറോപ്പും ക്രിസ്‌മസ്സ് ആഘോഷത്തിലേക്ക് കടക്കവേ, ജർമ്മനിയിലെ ക്രിസ്‌മസ്സ് മാർക്കറ്റിൽ നടന്ന കാർ ആക്രമണം വീണ്ടും ഭീകരാക്രമണത്തിന്റെ ഭീതിയും ആശങ്കയും പരത്തുന്നു. ജർമ്മനിയിലെ പ്രശസ്‌ത നഗരമായ ബോണിനു സമീപമുള്ള മാഗ്ഡെബർഗ് സിറ്റിയിലെ ക്രിസ്മസ് മാർക്കറ്റിൽ വെള്ളിയാഴ്ച നടന്ന കാർ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു. സാരമായി പരുക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരുമുണ്ട്. സമീപവർഷങ്ങളിൽ നിരവധി മലയാളികൾ ഈ സിറ്റിയിൽ പഠനത്തിനും വർക്കിനുമായി എത്തിയിട്ടുള്ളതിനാൽ, പരുക്കേറ്റ ഇന്ത്യക്കാരിൽ മലയാളികൾ ഉണ്ടോയെന്നും സംശയിക്കുന്നു. എന്നാൽ പരുക്കേറ്റ ഇന്ത്യക്കാരിൽ മൂന്ന് പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും ബാക്കിയുള്ളവരുടെ അവസ്ഥ ഇന്ത്യൻ ഹൈ കമ്മീഷൻ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വൃത്തങ്ങൾ അറിയിച്ചു. ലോകമെമ്പാടും പ്രകമ്പനം സൃഷ്ടിച്ച ആക്രമണത്തിൽ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലെ ജനക്കൂട്ടത്തിലേക്ക് ആക്രമി കാർ മനഃപൂർവ്വം ഇടിച്ചുകയറ്റുകയായിരുന്നു. കറുത്ത ബിഎംഡബ്ല്യു കാർ ഇടിച്ചുകയറ്റിയത്. തിരക്കേറിയ മാർക്കറ്റിലെ ഇടറോഡുകളിലൂടെ തലങ്ങും വിലങ്ങും കാറോടിച്ചാണ് ഇയാൾ ആക്രമം നടത്തിയത്.
മനുഷ്യത്വരഹിതമായ ആക്രമണത്തിൽ മരണപ്പെട്ടത് 4 സ്ത്രീകളും ഒരു ഒമ്പതുവയസ്സുള്ള കുട്ടിയുമുണ്ട്. പരുക്കേറ്റവരിൽ പലരുടേയും നില ഇപ്പോഴും ഗുരുതരമായി തുടരുന്നതിനാൽ, മരണസംഖ്യ ഇനിയും ഉയർന്നേക്കാം. സംഭവത്തിൽ 68 പേർക്ക് സാരമായി പരിക്കേറ്റു, 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു, 37 പേർക്ക് മിതമായ പരിക്കുകളുണ്ട്, 16 പേർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ആക്രമിയെ റിമാൻഡ് ചെയ്‌തെന്നും മറ്റ് ഭീകരാക്രമണങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും സാക്സോണി-അന്ഹാൾട്ട് സ്റ്റേറ്റ് പ്രധാനമന്ത്രി റെയ്നർ ഹസെലോഫ് പറഞ്ഞു. സൗദിയിൽ നിന്നും അഭയാർത്ഥിയായി ജർമ്മനിയിൽ എത്തിയ തലേബ് അൽ അബ്ദുൾ മൊഹ്‌സീൻ എന്നയാളാണ് അറസ്റ്റിലായത്. ജർമ്മൻ സർക്കാർ അഭയം നൽകിയതിനെത്തുടർന്ന്, ഇയാൾ സൈക്യാട്രി പഠിക്കുകയും മനഃശാസ്ത്ര ഡോക്ടറായി പ്രവർത്തിച്ചുവരികയുമായിരുന്നു. എന്നാൽ ഇയാളെക്കുറിച്ച് പലതവണ ജർമ്മൻ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് സൗദി ഭരണകൂടം ആരോപിക്കുന്നു. അതേസമയം വനിതകളടക്കം സൗദിയിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്നയാൾ എന്നനിലയിൽ ജർമ്മൻ സർക്കാർ ആ മുന്നറിയിപ്പുകൾ തള്ളുകയായിരുന്നു.
ആക്രമണത്തിൽ ലോക നേതാക്കൾ അഗാധമായ ദുഃഖവും ഭീതിയും പ്രകടിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ആക്രമത്തെ യുകെ പ്രധാനമന്ത്രിയും യൂറോപ്യൻ യൂണിയനും മറ്റുരാജ്യ തലവന്മാരും ശക്തമായി അപലപിച്ചു. ഇതേത്തുടർന്ന് യുകെയിലടക്കം സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിൽ സുരക്ഷാപരിശോധനകൾ കൂടുതൽ കർശനമാക്കിയത്, വർഷത്തിലെ ഏറ്റവും തിരക്കേറിയ സമയത്തെ യാത്രക്കാരെ കൂടുതൽ ബുദ്ധിമുട്ടിക്കും.