സോഷ്യല്‍ മീഡിയയില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. സ്‌കൂളില്‍ ഇതുവരെ പോയിട്ടില്ലാത്ത പെണ്‍കുട്ടി ഇംഗ്ലീഷ് അടക്കം ആറ് ഭാഷകളില്‍ നിഷ്പ്രയാസം സംസാരിക്കുന്നതാണ് വൈറലാകുന്നത്.
പാകിസ്ഥാന്‍ സ്വദേശിനിയായ ഷുമൈല എന്ന പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ സൈബര്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുന്നത്. ഇംഗ്ലീഷില്‍ സംസാരിച്ച് ആണ് കുട്ടി സൈബര്‍ ലോകത്ത് താരമാകുന്നത്. ആറു ഭാഷകളില്‍ നല്ല മണിമണിയായി ആണ് ഈ കൊച്ചു കുട്ടി സംസാരിക്കുന്നത്.
കടല വില്‍പ്പനക്കാരിയാണ് ഷുമൈല. സ്‌കൂളിന്റെ പടിചവിട്ടിയിട്ടില്ല. എന്നാലും ഇംഗ്ലീഷ്, ഉറുദു, ചിത്രാലി, സിരാകി, പഞ്ചാബി, പഷ്തൂ എന്നീ ഭാഷകളില്‍ ആശയവിനിമയം നടത്താന്‍ ഷുമൈലക്കറിയാം. പാകിസ്ഥാനി വ്ളോഗറും ഡോക്ടറുമായ സീഷാന്‍ ആണ് ഈ മിടുക്കിയെ സൈബര്‍ ലോകത്തിന് പരിചയപ്പെടുത്തിയത്.
'ഷുമൈല സ്‌കൂളില്‍ പോയിട്ടില്ല, പക്ഷേ അവള്‍ എന്നെക്കാള്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു' എന്ന കുറിപ്പോടെയാണ് ഡോ. സീഷാന്‍ വീഡിയോ പങ്കുവെച്ചത്. ഇംഗ്ലീഷ്, ഉറുദു, ചിത്രാലി, സിരാകി, പഞ്ചാബി, പഷ്തൂ എന്നീ ആറ് ഭാഷകള്‍ താന്‍ സംസാരിക്കുമെന്ന് സീഷാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഷുമൈല അഭിമാനത്തോടെ പറയുന്നു. തന്റെ പിതാവിന് 14 ഭാഷകള്‍ അറിയാമെന്നും പിതാവാണ് തന്നെ ആറ് ഭാഷകളും പഠിപ്പിച്ചതെന്നും അവള്‍ പറഞ്ഞു.
ഡോ. സീഷാന്‍ പങ്കുവെച്ച മറ്റൊരു വീഡിയോയില്‍ തന്റെ വ്യക്തിപരമായ കാര്യങ്ങളും ഷുമൈല പറഞ്ഞു. തനിക്ക് അഞ്ച് അമ്മമാരുണ്ടെന്നും 30 സഹോദരങ്ങളുണ്ടെന്നും ഷുമൈല പറഞ്ഞു. തന്റെ സഹോദരന്‍ ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലാണെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. കടലയും സൂര്യകാന്തി വിത്തുകളും വില്‍ക്കുന്നതാണ് തന്റെ ജോലിയെന്ന് പറഞ്ഞ ഷുമൈല, തന്റെ പക്കല്‍ നിന്ന് എന്തെങ്കിലും വാങ്ങുന്നോ എന്നും ഒഴുക്കുള്ള ഇംഗ്ലീഷില്‍ സീഷാനോട് ചോദിക്കുന്നുണ്ട്.