മാഞ്ചസ്റ്റര്‍: ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ പ്രൗഢ ഗംഭീരമായ മകരവിളക്ക് അയ്യപ്പപൂജ മഹോത്സവം ആഘോഷിക്കുവാന്‍ മാഞ്ചസ്റ്റര്‍ ഒരുങ്ങുകയാണ്. 2025 ജനുവരി 11നു ശനിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതല്‍ വൈകിട്ട് ഒന്‍പതു മണി വരെ മാഞ്ചസ്റ്ററില്‍ ജെയിന്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടക്കും.
അന്നേ ദിവസം ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് മഹാ ഗണപതി പൂജക്ക് ശേഷം നെറ്റിപ്പട്ടവും ശബരീശന്റെ തിടമ്പും ഏറ്റിയ മാഞ്ചസ്റ്റര്‍ മണികണ്ഠന്‍ എന്ന ഗജവീരന്റെയും യുകെയിലെ പ്രശസ്തമായ ചെണ്ടമേള കലാകാരന്‍മാരായ മാഞ്ചസ്റ്റര്‍ മേളത്തിന്റെ ചെമ്പടമേളത്തിന്റെയും മുത്തുക്കുടകളുടെയും താലപൊലിയേന്തിയ നൂറുകണക്കിന് തരൂണീമണികളുടെയും അകമ്പടിയോടെ മകരവിളക്ക് ഉത്സവത്സവത്തിന്റെ കൊടിയേറ്റ എഴുന്നെള്ളിപ്പ് ആരംഭിക്കുന്നതാണ്.
എഴുന്നെള്ളിപ്പ് ക്ഷേത്രാങ്കണത്തില്‍ എത്തുമ്പോള്‍ വര്‍ഷങ്ങളോളം ശബരിമല ക്ഷേത്രത്തില്‍ സേവനം അനുഷ്ടിച്ചിട്ടുള്ള ഉത്സവതന്ത്രി ശ്രീകാന്ത് നമ്പൂതിരി കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് തത്വമസി ഭജന സംഘം ഒരുക്കുന്ന ഭക്തി ഗാനസുധ ആരംഭിക്കും. ശ്രീകാന്ത് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഗണപതി പൂജ, വിളക്ക് പൂജ, പതിനെട്ട് പടിപൂജ, അര്‍ച്ചന, ദീപാരാധന, ഹരിവരാസനവും തുടര്‍ന്ന് മഹാ അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. കുടുംബ അര്‍ച്ചന നടത്തുവാനുള്ള സൗകര്യവും ഒപ്പം അയ്യന്റെ പതിനെട്ടാം പടിക്കു താഴെ പറ നിറക്കുവാനുള്ള സൗകര്യവും അന്നേ ദിവസം ഒരുക്കിയിട്ടള്ളതാണ്.
തത്വമസി ഭജന സംഘം ഒരുക്കുന്ന ചിന്തു പാട്ടും, സല്‍താരെ ഡാന്‍സ് വേള്‍ഡ് അവതരിപ്പിക്കുന്ന മനോഹരമായ ഭക്തി നൃത്ത രൂപവും ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. ഏകദേശം ആയിരത്തോളം ഭക്തജനങ്ങളുടെ സാന്നിദ്ധ്യമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഏവരെയും കുടുംബസമേതം ഈ മഹോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ അയ്യപ്പ പൂജകളില്‍ ഒന്നായ ഈ മകരവിളക്ക് മഹോത്സവത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജാതി മത ഭേദമന്യേ ഏവരുടെയും സാന്നിധ്യം ഇക്കുറി പ്രതീക്ഷിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
പ്രസിഡന്റ് - രാധേഷ് നായര്‍ 07715 461790
സെക്രട്ടറി - രാജേഷ് രാഘവന്‍ 07947 686880
ട്രഷറര്‍ - മുത്തുസ്വാമി സുബ്രമണി 07988 172225