വാട്ടർ ബീഡുകൾ അഥവാ നാട്ടിലെ കച്ചിയുടെ വലിപ്പമുള്ള ജെല്ലി ബോളുകൾ കുട്ടികൾക്ക് കളിക്കാനായി വാങ്ങി നൽകുന്നത് സമീപകാലത്ത് ഒരു ഫാഷനായി മാറിയിരുന്നു. എന്നാൽ ഒരു കാരണവശാലും കുട്ടികൾക്ക് കളിക്കാൻ ഇത് നൽകരുതെന്ന് യുകെയിലെ ആരോഗ്യവിദഗ്ധർ നിഷ്‌കർഷിക്കുന്നു.
ക്രിസ്തുമസ്സിന് കുട്ടികൾക്ക് ഈ വാട്ടർ മുത്തുകൾ കളിപ്പാട്ട സമ്മാനമായി നൽകുകയോ സ്വീകരിക്കുകയോ ചെയ്യരുത്. ജെല്ലി ബോളുകൾ, സെൻസറി മുത്തുകൾ അല്ലെങ്കിൽ വാട്ടർ ക്രിസ്റ്റലുകൾ എന്നും അറിയപ്പെടുന്ന കടുംനിറമുള്ള മൃദുവായ പ്ലാസ്റ്റിക് മുത്തുകൾ കരകൗശല ഉപകരണങ്ങളായും ഹോംവെയർ ഇനങ്ങളായും കൂടി വിപണനം ചെയ്‌തുവരുന്നുണ്ട്.
ചെറിയ വലിപ്പമുള്ള ഇവ കുട്ടികൾ വിഴുങ്ങുവാനുള്ള സാധ്യത കുടുതലാണ്. പ്രത്യേകിച്ച് ഇവയുടെ നിറങ്ങളിൽ ആകർഷിക്കപ്പെടുന്ന ചെറിയ കുട്ടികൾക്ക് അതെടുത്ത് വിഴുങ്ങാനുള്ള പ്രേരണ കൂടുതലായിരിക്കും.
സാധാരണയായി കുറച്ച് മില്ലിമീറ്റർ മാത്രമാണ് ഇവയുടെ വലിപ്പമെങ്കിലും വയറിനുള്ളിൽ ചെന്ന് ദ്രാവകവുമായി സമ്പർക്കം പുലർത്തുമ്പോൾ അവയിൽ ചിലതിന് അവയുടെ യഥാർത്ഥ വലുപ്പത്തിന്റെ 36 മടങ്ങുവരെ വികസിക്കാൻ കഴിയും, ഏകദേശം 400 മണിക്കൂറുവരെ ഇവ വയറിനുള്ളിൽ വീർത്തിരിക്കുകയും ചെയ്യും.
കുട്ടി ഇത് വിഴുങ്ങിയാൽ പലരീതിയിലുള്ള ആരോഗ്യപ്രശനങ്ങൾ സൃഷ്ടിക്കുന്നു. ശ്വാസതടസ്സവും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടുകൾക്കും പുറമേ, അവ മലവിസർജ്ജന തടസ്സത്തിന് കാരണമാവുകയും അനന്തരഫലങ്ങൾ മാരകമാകുകയും ചെയ്യും.
റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിൻ (ആർസിഇഎം) നിർദ്ദേശിക്കുന്നത് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ നിന്ന് ഈ മുത്തുകൾ പൂർണ്ണമായും ഒഴിവാക്കണമെന്നാണ്. കുട്ടികളുടെ കൺവെട്ടത്തുനിന്നും ഇത് മാറ്റിവയ്ക്കുകയും വേണം.
ഈ വാട്ടർ ബീഡുകൾ എക്സ്-റേയിൽ ദൃശ്യമാകില്ല എന്നതാണ് ഗുരുതരമായ മറ്റൊരു പ്രശ്‌നം. യുകെയിൽ ഇത്തരം കേസുകൾ കുറച്ചേ റിപ്പോർട്ട് ചെയ്തിട്ടുള്ളെങ്കിലും വിദേശ രാജ്യങ്ങളിൽ നിരവധി മരണങ്ങൾ വരെ ഇതുമൂലം സംഭവിച്ചിട്ടുണ്ടെന്ന് സർക്കാരിന്റെ ഓഫീസ് ഫോർ പ്രൊഡക്ട് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് പറയുന്നു.
ഇതുപോലെതന്നെ ബട്ടൺ ബാറ്ററികൾ അല്ലെങ്കിൽ നാണയ ബാറ്ററികൾ, മാഗ്നറ്റുകൾ എന്നിവയും വിഴുങ്ങിയാലുള്ള അപകടവും ആർസിഇഎം അലേർട്ടിൽ എടുത്തുകാണിക്കുന്നു.
മുതിർന്ന കുട്ടികൾക്കോ അല്ലെങ്കിൽ മറ്റുളളവരുടെ മേൽനോട്ടത്തിൽ കഴിയുന്ന അസുഖബാധിതരായ മുതിർന്നവർക്കോ മാത്രമേ ഈ മുത്തുകൾ കളിക്കാനായി നൽകാവൂയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒരു കുട്ടി വാട്ടർ മുത്ത് വിഴുങ്ങിയതായി എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഉടനടി വൈദ്യസഹായം തേടാനും ആർസിഇഎം മാതാപിതാക്കളേയും കുട്ടികളെ പരിചരിക്കുന്നവരേയും ഉപദേശിക്കുന്നു.
ബെൽഫാസ്റ്റ് സിറ്റി എയർപോർട്ട് അടച്ചു
ശക്തമായ കാറ്റുമൂലം എമർജൻസി ലാൻഡിങ് നടത്തിയ ഒരുവിമാനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ബെൽഫാസ്റ്റ് സിറ്റി എയർപോർട്ട് ഇന്നലെ വൈകിട്ടുമുതൽ അടച്ചു.
കാറ്റിൽ അടിയുലഞ്ഞുള്ള എമർജൻസി ലാന്ഡിംഗിനിടെ എയർ ലിംഗസ് വിമാനത്തിനാണ് അപകടം സംഭവിച്ചത്. റൺവേയിൽ മൂക്കിടിച്ചിറങ്ങിയ വിമാനത്തിന്റെ നോസ് ടയർ തകർന്നു. ഇതേത്തുടർന്ന് എല്ലാ റൺവേകളും ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെ അടയ്ക്കുകയായിരുന്നു.
മുഖംകുത്തിയ നിലയിൽ വിമാനം റൺവേയിൽ കിടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. എഡിൻബർഗിൽ നിന്ന് ബെൽഫാസ്റ്റിലേക്ക് നാല് ജീവനക്കാരുമായി പറന്ന വിമാനത്തിൽ യാത്രക്കാരില്ലായിരുന്നതും ആശ്വാസകരമായി.
ജീവനക്കാർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്താവളം അടച്ചതിനെ തുടർന്ന് ബെൽഫാസ്റ്റ് സിറ്റി വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള 40 ഓളം വിമാനങ്ങൾ തടസ്സപ്പെട്ടു. ചിലത് റദ്ദാക്കുകയും ബാക്കിയുള്ളവ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
അതേസമയം ബെൽഫാസ്റ്റ് ഇന്റർനാഷണൽ വിമാനത്താവളം ഇപ്പോഴും പ്രവർത്തിക്കുന്നു. സിറ്റി എയർപോർട്ടിൽ കുടുതലും ആഭ്യന്തര സർവീസുകളാണ് നടത്തിയിരുന്നത്. ഇവിടെ നിന്നുള്ള വിമാനങ്ങൾ ബെൽഫാസ്റ്റ് ഇന്റർനാഷണൽ വിമാനത്താവളത്തിലേക്കും ഡബ്ലിൻ വിമാനത്താവളത്തിലേക്കുമാണ് തിരിച്ചുവിട്ടത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് റൺവേ വീണ്ടും തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.