മുൻവർഷത്തെ അപേക്ഷിച്ച് വിപണിയിൽ അവശ്യസാധനങ്ങളുടെ വില അൽപം കുറവുള്ള ക്രിസ്‌മസ്സ് സീസണാണ് ഇക്കൊല്ലത്തേത്. അതുകൊണ്ടുതന്നെ യുകെയിലെ ഒരു ശരാശരി കുടുംബത്തിന്റെ ക്രിസ്‌മസ്സ് ഡിന്നർ ചെലവിലും കുറവുവരും.
ബ്രിട്ടീഷുകാരുടെ ക്രിസ്‌മസ്സ് ഡിന്നറിലെ ഒഴിവാക്കാനാകാത്ത ഇനമാണ് ടർക്കി കോഴി. അത് പൊരിച്ചതും റോസ്റ്റും കറിവച്ചതുമൊക്കെയായി തീന്മേശയിൽ നിറയും. എന്നാലിപ്പോൾ മുൻവർഷത്തെ അപേക്ഷിച്ച് ടർക്കി കോഴിയുടെ വിലയിൽ നേരിയ കുറവുണ്ട്.
ടർക്കിയുടെ വില ഈ വർഷം 6% കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. എങ്കിലും സാമ്പത്തിക ഞെരുക്കം മൂലം മിക്കവരും വലുപ്പം കുറഞ്ഞ ടർക്കി കോഴികളാണ് തിരഞ്ഞെടുക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു.
അതുപോലെ ബ്രസ്സൽസ് കാബേജിനും വിലക്കുറവുണ്ട്. എന്നാൽ കിഴങ്ങിനും കാരറ്റിനും മുൻവർഷത്തെ അപേക്ഷിച്ച് വിലക്കൂടുതലുമാണ്. മോശം കാലാവസ്ഥമൂലം വിളവുകുറഞ്ഞതാണ് കാരണമെന്നും വിപണിയെക്കുറിച്ച് നടത്തിയ പഠന റിപ്പോർട്ടുകളിൽ പറയുന്നു. ടെസ്കോ, സെയിൻസ്ബറി, അസ്ഡ, മോറിസൺസ്, ആൽഡി, ലിഡിൽ എന്നിവയിലുടനീളമുള്ള ഉൽപ്പന്നങ്ങളുടെ വിലയിലെ വാർഷിക മാറ്റം റീട്ടെയിൽ ട്രാക്കിംഗ് പ്ലാറ്റ്ഫോമായ അസ്സോസിയേഷനാണ് പരിശോധിച്ചത്.
ബ്രസ്സൽസ് കാബേജിന്റെ വില 12% കുറഞ്ഞു. 10 എൽബി (4.55 കിലോഗ്രാം) ശീതീകരിച്ച ടർക്കി കോഴിക്ക് കഴിഞ്ഞ വർഷത്തേക്കാൾ 1.21 പൗണ്ട് കുറവുമുണ്ട്. യുകെയിലെ മലയാളികളെ സംബന്ധിച്ച് ടർക്കി കോഴികളേക്കാൾ പ്രിയം സാധാരണ കോഴികളോടുതന്നെ. സാധാരണ ചിക്കനും വിലക്കുറവുണ്ട് എന്നതാണ് ആശ്വാസകരമായ കാര്യം.
അതേസമയം ഉരുളക്കിഴങ്ങ് വില 26% വർദ്ധിച്ചു, സാധാരണ 2 കിലോഗ്രാം ബാഗിന്റെ വില 1.58 പൗണ്ടിൽ നിന്ന് 1.99 പൗണ്ടായി ഉയർന്നു. കാരറ്റ് വിലയിൽ ഒരു കിലോഗ്രാമിന് 13.4% വിലക്കയറ്റമുണ്ട്.
അവശ്യസാധനങ്ങളുടെ സാധനങ്ങളുടെ എല്ലാ വിലക്കുറവും കണക്കിലെടുത്താൽ, ഒരു ശരാശരി ഫാമിലിയ്ക്ക് ഈവർഷം ക്രിസ്മസിനുള്ള ചിലവ് £31.66 പൗണ്ടായി കുറയും. കഴിഞ്ഞ വർഷം ഇത് 32.18 പൗണ്ട് ആയിരുന്നു. പണപ്പെരുപ്പം കുറഞ്ഞതിനാൽ കഴിഞ്ഞവർഷം മുതൽ യുകെയിൽ വിലക്കയറ്റം മന്ദഗതിയിൽ മാത്രമാണ്.
വിപണിയിലെ വിലക്കയറ്റ കാര്യത്തിൽ കേരളത്തിൽ നേരെ തിരിച്ചാണ് സ്ഥിതി. കനത്ത വിലക്കയറ്റമാണ് എല്ലാ ആവശ്യസാധനങ്ങൾക്കും. ഇറച്ചി, മീൻ എന്നിവയുടെ വിലകൾ കയറിനിൽക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. കഴിഞ്ഞ ഒരുമാസമായി ഉള്ളി, സവാള, കിഴങ്ങ് , തക്കാളി, കാരറ്റ് എന്നിവയുടെ വിലകളും ഐഎസ്‌ആർഒയുടെ റോക്കറ്റ് വിക്ഷേപണം പോലെ കുതിച്ചുകൊണ്ടിരിക്കുന്നു. കേന്ദ്രസർക്കാരും ഒപ്പം കേരള സർക്കാരും വിലനിയന്ത്രിക്കാൻ വിപണിയിൽ കാര്യമായി ഇടപെടുന്നില്ലെന്നതാണ് ദൗർഭാഗ്യകരമായ കാര്യം.
യുകെയിലെ മികച്ച അഞ്ച് സൂപ്പർമാർക്കറ്റുകളായ ടെസ്കോ, സെയിൻസ്ബറി, അസ്ഡ, മോറിസൺസ്, ആൽഡി എന്നിവയുടെ വെബ്സൈറ്റുകളിലെ വിലകൾ താരതമ്യം ചെയ്‌തപ്പോൾ, അന്വേഷകർക്ക് ഏറ്റവും വിലക്കുറവുള്ളതും കൂടിയതുമായ സ്റ്റോറുകളെ തിരിച്ചറിയാനും കഴിഞ്ഞു.
ആൽഡി വിലക്കുറവുള്ള സൂപ്പർമാർക്കറ്റ്
സ്ഥിരം കസ്റ്റമേഴ്‌സിനു നൽകുന്ന ലോയൽറ്റി കാർഡ് ഡിസ്‌കൗണ്ട് വിലകൾ കണക്കിലെടുക്കാതെ നോക്കിയാൽ, ക്രിസ്മസ് അവശ്യവസ്തുക്കളുടെ അടിസ്ഥാന പട്ടികയ്ക്ക് ഏറ്റവും വിലകുറഞ്ഞ സൂപ്പർമാർക്കറ്റാണ് ആൽഡി. ഒരു ക്രിസ്‌മസ്സ് സദ്യ ഒരുക്കുവാൻ വേണ്ട അത്യാവശ്യ സാധനങ്ങൾ ഇവിടെനിന്നും ഏകദേശം 24.30 പൗണ്ടിന് വാങ്ങാനാകും.
28.22 പൗണ്ടുമായി അസ്ഡ രണ്ടാം സ്ഥാനത്തും മോറിസൺ, സെയിൻസ്ബറി എന്നിവർ തൊട്ടുപിന്നിലുമുണ്ട്. അതേസമയം 36.51 പൗണ്ടായിരുന്നു ടെസ്കോയിലെ ഏറ്റവും കുറഞ്ഞ വില.
എന്നാൽ വിലയിലെ വ്യത്യാസം പോലെത്തന്നെ അഞ്ച് സൂപ്പർമാർക്കറ്റുകളിലും ഒരേ ഇനങ്ങളുടെ ഉൽപ്പന്ന വലുപ്പത്തിലോ തരങ്ങളിലോ ചില ചെറിയ വ്യത്യാസങ്ങളുണ്ട്. അതിനാൽ ക്രിസ്മസ് ഡിന്നറിന്റെ ചിലവ് ഓരോരുത്തരും ആശ്രയിക്കുന്ന സൂപ്പർമാർക്കറ്റുകളും തിരഞ്ഞെടുക്കുന്ന ഇനങ്ങളും അനുസരിച്ച് വ്യത്യാസപ്പെടാം.
എൻ.എച്ച്.എസ് നിർദ്ദേശം
അതിനിടെ വ്യത്യസ്‌തമായ ഒരു നിർദ്ദേശം ഇത്തവണ എൻഎച്ച്എസ് ആരോഗ്യവിദഗ്ദ്ധർ യുകെയിലെ ക്രിസ്‌മസ്സ് ആഘോഷവേളയിൽ നൽകുന്നു. ഗർഭിണികളും മുലയൂട്ടുന്നവരുമായ സ്ത്രീകൾ മദ്യപിക്കരുതെന്നാണ് നിർദ്ദേശം. മദ്യാംശം മുലപ്പാലിലൂടെ കുഞ്ഞുങ്ങളിൽ എത്തുന്നത് അവരുടെ ആരോഗ്യത്തിന് ഹാനികരമായി മാറും.
അതുപോലെ ഗർഭിണികളായ സ്ത്രീകൾ മദ്യപിക്കുന്നത് ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തെയും തലച്ചോറിന്റെ വികസനത്തെപ്പോലും കാര്യമായി ബാധിക്കും. ഗർഭസ്ഥ ശിശുക്കളിൽ വൈകല്യമുണ്ടാക്കാൻ വരെ ഇത് കാരണമായേക്കാമെന്നാണ് കണ്ടെത്തൽ.
ഈ സീസണിൽ ഏറ്റവുമധികം ആളുകൾ എൻഎച്ച്എസ് വെബ്‌സൈറ്റിൽ തിരഞ്ഞെത് ഇക്കാര്യം ആയതിനാലാണ് നിർദ്ദേശം പുറപ്പെടുവിക്കുന്നതെന്നും എൻഎച്ച്എസ് അറിയിപ്പിൽ പറയുന്നു.