വോയ്‌സ് കോളുകള്‍ക്കും എസ് എം എസിനും മാത്രമായി റീച്ചാര്‍ജ് ചെയ്യാനുള്ള സൗകര്യം നല്‍കണമെന്ന നിര്‍ദേശമിറക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഫീച്ചര്‍ ഫോണുപയോഗിക്കുന്ന നിരവധി ഉപഭോക്താക്കള്‍ ആവശ്യമില്ലാത്ത സേവനങ്ങള്‍ക്ക് കൂടി പണം നല്‌കേണ്ട അവസ്ഥയാണെന്ന് ട്രായ് ചൂണ്ടിക്കാട്ടി. അങ്ങനെയുള്ളവര്‍ക്ക് ആവശ്യമുള്ള സേവനത്തിന് മാത്രമായി റീച്ചാര്‍ജ് സൗകര്യമൊരുക്കണമെന്നാണ് ട്രായ് ടെലികോം കമ്പനികളോട് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്റര്‍നെറ്റ് അധികം ഉപയോഗിക്കാത്ത പ്രായമായവര്‍ക്കും ഗ്രാമീണ മേഖലയിലുള്ളവര്‍ക്കും ഇരട്ട സിം ഉപയോഗിക്കുന്നവര്‍ക്കും ഈ നിര്‍ദേശം ഗുണകരമാകും.
2012 ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് ട്രായ് ഉത്തരവിറക്കിയത്. ഒരു സ്‌പെഷ്യല്‍ താരിഫ് വൗച്ചറെങ്കിലും വോയിസ്, എസ് എം എസ്. സേവനത്തിനുമാത്രമായി പുറത്തിറക്കണമെന്നാണ് ഇതില്‍ പറയുന്നത്. രാജ്യത്ത് 15 കോടി മൊബൈല്‍ വരിക്കാര്‍ ഇപ്പോഴും 2 ജി കണക്ഷന്‍ ഉപയോഗിക്കുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് പുതിയ ഭേദഗതി. ടെലികോം കമ്പനികള്‍ നിലവിലുള്ള റീച്ചാര്‍ജ് വൗച്ചറുകള്‍ക്കൊപ്പം പരമാവധി 365 ദിവസം വരെ വാലിഡിറ്റി ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവുമുണ്ട്.
സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകളുടെയും കോംബോ വൗച്ചറുകളുടെയും കാലാവധി 90 ദിവസമെന്നത് 365 ദിവസമാക്കി ഉയര്‍ത്താനും അനുമതി നല്‍കിയിട്ടുണ്ട്. മാത്രമല്ല,ടോപ്പപ്പിനായി പത്തു രൂപയുടെ ഗുണിതങ്ങള്‍ വേണമെന്ന നിബന്ധനയും ട്രായ് ഒഴിവാക്കിയിട്ടുണ്ട്.