വാഷിംഗ്ടണ്‍: അമേരിക്കയുടെ ദേശീയപക്ഷിയായി വെള്ളത്തലയന്‍ പരുന്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമേരിക്കയുടെ ഔദ്യോഗിക ചിഹ്നങ്ങളില്‍ 240 വര്‍ഷത്തിലേറെയായി ബാല്‍ഡ് ഈഗിള്‍ എന്നറിയപ്പെടുന്ന വെള്ളത്തലയന്‍ പരുന്ത് ഉണ്ടെങ്കിലും ദേശീയ പക്ഷിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. അധികാരമൊഴിയും മുമ്പ് പ്രസിഡന്റ് ജോ ബൈഡന്‍ ഇതു സംബന്ധിച്ച പ്രഖ്യാപനത്തില്‍ ഒപ്പുവെക്കുകയായിരുന്നു.
നേരത്തെ യുഎസ് കോണ്‍ഗ്രസ് ഇത് സംബന്ധിച്ച നിയമനടപടികള്‍ പൂര്‍ത്തീകരിക്കാനുളള രേഖകള്‍ പ്രസിഡന്റിന് അയച്ചിരുന്നു. ഇതിലാണ് ബൈഡന്‍ ഒപ്പുവെച്ചത്. വടക്കേ അമേരിക്കയിലാണ് ബാല്‍ഡ് ഈഗിളിനെ കണ്ടുവരുന്നത്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഈ പക്ഷിക്ക് അമേരിക്കയുടെ ചരിത്രവുമായി 240 വര്‍ഷത്തെ അഗാധബന്ധമുണ്ട്. വടക്കേ അമേരിക്ക, കാനഡ, അലാസ്‌ക, വടക്കന്‍ മെക്സിക്കോ എന്നിവിടങ്ങളില്‍ ഇതിനെ കാണാം.
മഞ്ഞ കൊക്ക്, തവിട്ട് നിറമുള്ള ശരീരം, വെള്ളത്തൂവലുകള്‍ നിറഞ്ഞ തലഭാഗം തുടങ്ങി ആകര്‍ഷകമായ പ്രത്യേകതകളുള്ള പക്ഷിയാണിത്. 240 വര്‍ഷത്തിലേറെയായി യുഎസ് ചിഹ്നങ്ങളില്‍ ഉണ്ട്. 1782 മുതല്‍ ഇത് യുഎസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗ്രേറ്റ് സീലില്‍ ഇടംപിടിച്ചിരുന്നു. അതേ വര്‍ഷം തന്നെ കോണ്‍ഗ്രസ് ദേശീയ ചിഹ്നമായി ബാല്‍ഡ് ഈഗിളിനെ തിരഞ്ഞെടുത്തു. ഔദ്യോഗിക രേഖകള്‍, പ്രസിഡന്റിന്റെ പതാക, സൈനിക ചിഹ്നം, യുഎസ് കറന്‍സി എന്നിവയില്‍ ഇവയുടെ ചിത്രം ഉപയോഗിക്കുന്നുണ്ട്.
അമേരിക്കയുടെ ഔദ്യോഗിക ചിഹ്നങ്ങളില്‍ രണ്ടു നൂറ്റാണ്ടിലേറെയായി ബാല്‍ഡ് ഈഗിളിനെ കാണാമെങ്കിലും ദേശീയ പക്ഷിയായി അംഗീകരിച്ചിരുന്നില്ല. ഇതിനെ ദേശീയ പക്ഷിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയര്‍ന്നിരുന്നു. പക്ഷെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇതാണ് ഇപ്പോള്‍ പരിഹരിക്കപ്പെട്ടിരിക്കുന്നത്.