മലയാളത്തിന്റെ മഹാസാഹിത്യകാരൻ എംടി വാസുദേവൻ നായർ ഇനി ജനഹൃദയങ്ങളിൽ ജീവിയ്ക്കും. കഥകളായി, കഥാപത്രങ്ങളായി, പുരാണ കഥകളെ മാറ്റിയെഴുതിയ വിപ്ലവനായകനായി, മനസ്സുകളിലെ ഓർമ്മകളുടെ അഭ്രപാളികളിൽ മലയാളമുള്ളിടത്തോളം എം.ടിയെന്ന മഹാകഥാകൃത്തിനു മരണമുണ്ടാകില്ല.
ക്രിസ്‌മസ്സ് രാവിലാണ് മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്റെ വിടപറച്ചിൽ എന്നതും ശ്രദ്ധേയമായി. ഇന്നലെ രാത്രി 10 മണിയോടെയാണ് ആ വിലയേറിയ വേർപാട് ആഗോള മലയാളികളെ ഒന്നാകെ സങ്കടത്തിലാഴ്ത്തി കടന്നുവന്നത്.
രണ്ടാഴ്‌ചയോളമായി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഇടയ്ക്ക് അദ്ദേഹത്തിന്റെ നിലയിൽ പുരോഗതിയുണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് ആശ്വാസമായി മാറിയിരുന്നു. അതിനാൽ മരണവാർത്ത പ്രവാസ ലോകത്തിനടക്കം അപ്രതീക്ഷിത വേദനയായി. സംസ്ഥാന സർക്കാർ രണ്ടുദിന ദുഃഖാചരണം പ്രഖ്യാപിച്ചു.
മലയാള സാഹിത്യലോകത്ത് ആദ്യനോവലായ നാലുകെട്ടിലൂടെ ചിരപ്രതിഷ്ഠ നേടി മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. പിന്നീടങ്ങോട്ട് അരനൂറ്റാണ്ടിലേറെക്കാലം മലയാള സാഹിത്യ, സിനിമ, സാംസ്‌കാരിക രംഗത്ത് നിറഞ്ഞും തിളങ്ങിയും നിന്ന വ്യക്തിത്വം.
രാജ്യത്തിന്റെ സാഹിത്യ പരമോന്നത പുരസ്‌കാരമായ ജ്ഞാനപീഠം അവാർഡ്, നാലുതവണ ഏറ്റവും നല്ല തിരക്കഥാകൃത്തിനുള്ള അവാർഡ്, കേരള സാഹിത്യ അക്കാദമിയുടെ ചെയർമാൻ എന്നീ പൊൻതൂവലുകൾ കാലത്തിന്റെ പ്രയാണത്തിനിടെ എംടിയുടെ കിരീടത്തെ അലങ്കരിച്ചവയിൽ ചിലതുമാത്രം.
മലയാള ഗ്രാമീണ ജീവിതത്തെയും ഇടത്തരക്കാരന്റെ കുടുംബചിത്രങ്ങളും വ്യക്തിബന്ധങ്ങളിലെ ആഴവും പരപ്പുമെല്ലാം എംടിയുടെ സൃഷ്ടികളിൽ അടുത്തറിയാം. മാടമ്പികളെന്ന് മുദ്രകുത്തി മാറ്റിനിർത്തിയ കേരളത്തിലെ നാലുകെട്ടിനുള്ളിലെ വീർപ്പുമുട്ടലും സ്വപ്നങ്ങളും സന്തോഷവുമെല്ലാം മലയാളി ആദ്യമായി അനുഭവിച്ചറിഞ്ഞത് എംടി കഥകളിലൂടെത്തന്നെ.
പുരാണ - ഇതിഹാസ കഥകളേയും കഥാപ്രത്രങ്ങളേയും സ്വന്തം ഭാവനയ്ക്കനുസരിച്ച് തിരുത്തിയെഴുതാനുള്ള ചങ്കൂറ്റം കാണിച്ചതും എംടിയെന്ന പ്രതിഭ മാത്രമാണ്. വടക്കൻ വീരഗാഥയും പെരുന്തച്ചനുമൊക്കെ എംടിയുടെ അപൂർവ്വ പ്രതിഭ വിളിച്ചോതുന്ന സിനിമാസൃഷ്ടികളായി.
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഇന്നലെ ഫെയ്‌സ്ബുക്കിൽ കുറിച്ചു “നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞുനിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. എംടി എന്നെ കണ്ടെത്തിയതല്ല.. ഞാൻ എംടിയെ തേടിയെത്തിയതാണ്”
എംടിയുടെ പ്രത്യേക അന്ത്യാഭിലാഷപ്രകാരം പൊതുവേദികളിലെ പൊതുദർശനം ഒഴിവാക്കി. ഇന്ന് വൈകിട്ട് നാലുമണിവരെ കോഴിക്കോട് കൊട്ടാരം റോഡിലെ ഭവനമായ സിതാരയിൽ എത്തുന്നവർക്ക് മാത്രമാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനാകുക.
അഞ്ചുമണിയോടെ മാവൂർ റോഡിലെ പൊതുശ്മശാനം 'സ്മൃതിപഥം' മലയാളം കണ്ട മഹാനായ കഥാകൃത്തിനെ സ്നേഹത്തോടെ ഏറ്റുവാങ്ങും. പൊതുശ്മശാനം 'സ്മൃതിപഥം' പുതുക്കിപ്പണിതശേഷം ആദ്യമായി നടക്കുന്ന സംസ്കാരം എന്നതും എംടിയെന്ന കലാകാരനായി കാലംകാത്തുവച്ച സമ്മാനവുമാകും.