ജയ്പൂര്‍: ഭര്‍ത്താവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ഭാര്യ കുഴഞ്ഞു വീണ് മരിച്ചു. രോഗിയായ ഭാര്യയെ പരിചരിക്കാന്‍ സ്വയം വിരമിച്ച ഭര്‍ത്താവിന്റെ യാത്രയയപ്പ് ചടങ്ങിനിടെയാണ് ഭാര്യയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം.
പരിപാടിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹൃദ്രോഗിയായ ഭാര്യ ടീനയെ പരിചരിക്കുന്നതിനായി സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനിലെ മാനേജരായ ദേവേന്ദ്ര സാന്‍ഡലാണ് മൂന്ന് വര്‍ഷം നേരത്തെ വിരമിക്കാന്‍ തീരുമാനിച്ചത്. ഇതിനെത്തുടര്‍ന്ന് ഓഫീസിലെ സഹപ്രവര്‍ത്തകര്‍ ദേവേന്ദ്രയ്ക്കായി ഒരു യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ടീനയെയും പരിപാടിക്ക് ക്ഷണിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കഴുത്തില്‍ ഹാരമണിഞ്ഞ് ക്യാമറകളെ നോക്കി പുഞ്ചിരിക്കുന്ന ദേവേന്ദ്രയുടെ ഭാര്യയെ കാണാം. എന്നാല്‍ സന്തോഷകരമായ നിമിഷങ്ങള്‍ വളരെപ്പെട്ടെന്നാണ് ദുഃഖത്തിലേക്ക്വഴിമാറിയത്.
ദേവേന്ദ്രയ്ക്കൊപ്പം നില്‍ക്കവേ തനിക്ക് തലകറങ്ങുന്നുവെന്ന് പറയുന്ന ടീനയെ ദൃശ്യങ്ങളില്‍ കാണാം. ഇവര്‍ ഉടന്‍ തന്നെ അടുത്ത് കണ്ട കസേരയില്‍ ഇരിക്കുന്നുണ്ട്. ഭാര്യയുടെ മുഖത്ത് അസ്വസ്ഥത പ്രകടമായതോടെ ദേവേന്ദ്ര അവരെ പരിചരിക്കാനായി അടുത്തുവന്നു. ഇയാള്‍ സഹപ്രവര്‍ത്തകരോട് കുടിക്കാന്‍ വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ നിമിഷനേരം കൊണ്ട് ബോധം നഷ്ടപ്പെട്ട ടീന മുന്നിലെ മേശയിലേക്ക് തലകുനിച്ച് ചായുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.