യുകെയിലേക്കുള്ള ഇന്ത്യൻ കുടിയേറ്റക്കാരെ, പ്രത്യേകിച്ച് സ്‌റ്റഡി, വർക്ക് വിസകളിൽ എത്തുന്നവരെ സംബന്ധിച്ച് 2025 ദുഷ്‌കരമായ വർഷമായി മാറും. വിസ ഫീസുകളുടെ വർദ്ധനയ്ക്ക് പുറമേ, ജീവിതച്ചെലവിനായി കാണിക്കേണ്ട ഡിപ്പോസിറ്റുകളിൽപ്പോലും വൻ വർദ്ധനവാണ് നടപ്പിലാകുക.
2025 ജനുവരി 2 മുതൽ, യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് പഠിക്കാനോ മൈഗ്രേറ്റ് ചെയ്യാനോ ഉദ്ദേശിക്കുന്ന ഇന്ത്യയിൽ നിന്നുള്ള വ്യക്തികൾ, യുകെയിലെ ജീവിതച്ചെലവിനായി നിലവിലെ നിരക്കിനേക്കാൾ കുറഞ്ഞത് 11 ശതമാനം കൂടുതൽ കരുതൽ ധനം അഥവാ ബാങ്ക് ഡിപ്പോസിറ്റ് കാണിക്കേണ്ടതുണ്ട്.
കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി പഠന, തൊഴിൽ വിസ അപേക്ഷകർക്ക് സാമ്പത്തിക പരിധി വർധിപ്പിക്കാനുള്ള യുകെ സർക്കാരിൻ്റെ തീരുമാനത്തെ തുടർന്നാണ് ഈ മാറ്റം.
വിദ്യാർത്ഥികളുടെ ഡിപ്പോസിറ്റ് വർദ്ധനവ്
ജനുവരി 2 മുതൽ, യുകെ പഠന വിസയ്ക്ക് അപേക്ഷിക്കുന്ന അന്തർദ്ദേശീയ വിദ്യാർത്ഥികൾ ജീവിതച്ചെലവുകൾ വഹിക്കുന്നതിന് കാണിക്കേണ്ട ബാങ്ക് ഡിപ്പോസിറ്റ് ഫണ്ടിലാണ് വർദ്ധനവ്.
ലണ്ടനിലെ കോഴ്സുകൾക്ക് പ്രതിമാസം 1,483 പൗണ്ട് (1.5 ലക്ഷം രൂപയോളം).
ലണ്ടന് പുറത്തുള്ള കോഴ്സുകൾക്ക് പ്രതിമാസം £1,136.
ഈ നിലയ്ക്ക് ഓരോ സെമസ്റ്ററും കോഴ്‌സ് കാലാവധി വരെയുള്ള ചിലവുപണം അക്കൗണ്ടിൽ കാണിക്കണം.
ഒരു വർഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാമിന്, ഇത് ലണ്ടനിൽ മൊത്തം 13,347 പൗണ്ടും (14 ലക്ഷം രൂപ) ലണ്ടന് പുറത്ത് 10,224 പൗണ്ടുമാണ്. ഇത് ഒമ്പത് മാസത്തെ ജീവിതച്ചെലവിനുള്ള പണമാണ്.
നിലവിൽ, ജീവിതച്ചെലവ് ലണ്ടനിൽ പ്രതിമാസം £1,334 ഉം മറ്റ് പ്രദേശങ്ങളിൽ £1,023 ഉം ആണ്. എന്നിരുന്നാലും, ഇതിനകം യുകെയിൽ താമസിക്കുന്ന അല്ലെങ്കിൽ ചില രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഈ അപ്‌ഡേറ്റ് ചെയ്ത ആവശ്യകതകളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു എന്നതും വിവേചനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിസ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് തുടർച്ചയായി 28 ദിവസമെങ്കിലും ഈ ഫണ്ടുകൾ കൈവശം വച്ചിരിക്കണം. അതായത് വിസയ്ക്കായി അപേക്ഷിക്കുന്നതുമുതൽ പിന്നിലേക്ക് 28 ദിവസമെങ്കിലും അക്കൗണ്ടിൽ പണം കിടക്കണം.
നിലവിൽ ചില സ്റ്റഡി വിസ ഏജന്റുമാർ, ഡിപ്പോസ്റ്റിനായി ആവശ്യമുള്ള പണം പ്രത്യേക ചാർജ്ജ് വാങ്ങി അറേഞ്ചുചെയ്ത് നൽകാറുണ്ട്. വിസ റെഡിയായാൽ ഈ തുക വിദ്യാർത്ഥിയുടെ അക്കൗണ്ടിൽ നിന്ന് പിൻവലിക്കുകയാണ് രീതി. അതുപോലെതന്നെ ചിലർ ബാങ്കുകളുടെ വ്യാജ ഡിപ്പോസിറ്റ് അക്കൗണ്ടുകളും നിർമ്മിച്ചുനൽകുന്നു.
എന്നാൽ വിദ്യാർത്ഥി യുകെയിൽ എത്തിയശേഷവും ഡിപ്പോസിറ്റ് അക്കൗണ്ടിലെ പണം ക്രമാനുഗതം മാസാമാസം പിൻവലിക്കുന്നതും പരിശോധിക്കുന്നതിനുള്ള നടപടികളും നടന്നുവരുന്നു. അതിനാൽ ഈവിധത്തിലുള്ള തട്ടിപ്പുകളും ഇനിമുതൽ പിടിക്കപ്പെടും.
സ്‌കിൽഡ് വർക്കർ വിസ മാറ്റങ്ങൾ
ആദ്യമായി അപേക്ഷിക്കുന്ന സ്‌കിൽഡ് തൊഴിലാളികൾ ജീവിതച്ചെലവും താമസവും വഹിക്കുന്നതിന് കുറഞ്ഞത് £38,700 വരുമാനം തെളിയിക്കണം. ഹോം ഓഫീസ് അംഗീകരിച്ച യുകെ തൊഴിലുടമയുടെ സ്പോൺസർഷിപ്പും അവർക്ക് ഉണ്ടായിരിക്കണം.
ഒരു തൊഴിലുടമ സ്പോൺസർ ചെയ്യാത്ത അപേക്ഷകർ അപേക്ഷിക്കുന്നതിന് 28 ദിവസത്തേക്ക് യുകെയിലെ ജീവിതച്ചിലവിന് ആവശ്യമായ ഫണ്ട് ബാങ്കിലുണ്ടെന്ന് കാണിക്കേണ്ടതുണ്ട്.
ഫീസ് വർദ്ധന
വിനോദസഞ്ചാരികൾ, കുടുംബം, ജീവിത പങ്കാളികൾ, കുട്ടികൾ, വിദ്യാർത്ഥി വിസകൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ വിസ അപേക്ഷാ ഫീസിലും ചെറിയ വർദ്ധനവ് കാണും. കഴിഞ്ഞ സെപ്റ്റംബറിൽ ഇതുസംബന്ധിച്ച വിശദമായ പ്രഖ്യാപനവും റിപ്പോർട്ടും സർക്കാർ നടത്തിയിരുന്നു.
ഇതര വിദേശ രാജ്യങ്ങളും നിയമങ്ങൾ കർശനമാക്കുന്നു
യുകെയ്ക്കു പുറമേ യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ജർമ്മനി എന്നീരാജ്യങ്ങളും വിദേശികൾക്കുള്ള സ്റ്റഡി - വർക്ക് വിസ നിയമങ്ങൾ പുതുവർഷം മുതൽ കൂടുതൽ കർശനമാക്കുന്നു. യുകെ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായി പോകുന്ന വിദ്യാർഥികൾ പ്രധാനമായും അവിടെ സെറ്റിൽ ചെയ്യുക ലക്ഷ്യമിട്ടാണ് പോകുന്നത്.
എന്നാൽ പുതിയ നിയമമാറ്റങ്ങൾ ഈ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തുമ്പോൾ, വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ അല്ലെങ്കിൽ തൊഴിലാളികളുടെ സുവർണ്ണകാലം അവസാനിച്ചു തുടങ്ങുന്നു എന്നുതന്നെ കരുതണം.