സീരിയല്‍ ലൊക്കേഷനില്‍ വെച്ച് ലൈംഗിക അതിക്രമത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി ഉപ്പും മുളകും താരം. നടന്മാരായ ബിജു സോപനം, എസ്പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ ആണ് ലൈംഗിക അതിക്രമത്തിന് നടി പരാതി നല്‍കിയത്. എന്നാല്‍ അത്തരത്തില്‍ പരാതി നല്‍കിയ നടി ഉപ്പും മുളകും പരമ്പരയിലെ ഗൗരി ഉണ്ണിമായ ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
സോഷ്യല്‍ മീഡിയ നിറയെ ഗൗരി ആണ് ഇത്തരത്തില്‍ ആക്രമിക്കപ്പെട്ട നടിയെന്നും പരാതി നല്‍കുകയായിരുന്നു എന്നും ആണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ നിലവില്‍ സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡുകളില്‍ ഗൗരി ഇല്ലാത്തത് ആരാധകരുടെ സംശയം വര്‍ദ്ധിപ്പിക്കുകയായിരുന്നു. എന്നാല്‍ ആ നടി താനല്ലെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്.
ആ കേസുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും ഒരു യാത്രയില്‍ ആയിരുന്നതിനാലാണ് കഴിഞ്ഞ കുറച്ചു എപ്പിസോഡുകളില്‍ കാണാതിരുന്നതെന്നും അവര്‍ വ്യക്തമാക്കി. ഇനി പുറത്തിറങ്ങാനുള്ള എപ്പിസോഡുകളില്‍ താനുണ്ടെന്നും ഗൗരി പറഞ്ഞു. ഇന്നലെ മുതല്‍ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നെന്നും അതുമായി ബന്ധപ്പെട്ട് കുറെ പേര്‍ എന്നെ വിളിച്ചതായും പറഞ്ഞ ഗൗരി കേസുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി.
പലരും എന്നോടു ചോദിക്കുന്നുണ്ട്, എന്താണ് ഞാന്‍ എപ്പിസോഡില്‍ ഇല്ലാത്തത്, എന്താണ് കാരണം എന്നൊക്കെ. ഷിംലയ്ക്കു പോയി തിരിച്ചു വന്നതേയുള്ളൂ. 24 വരെയുള്ള എപ്പിസോഡുകളില്‍ ഞാന്‍ ഭാഗവുമാണ്. അവര്‍ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കില്‍ ഇനിയുള്ള എപ്പിസോഡുകളില്‍ ഞാനുണ്ടാകുമെന്നും ഗൗരി പറഞ്ഞു. ഈ വാര്‍ത്തകളില്‍ പറയുന്ന നടി ഞാനല്ല. അനാവശ്യ വിവാദങ്ങള്‍ പരത്തരുത് എന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ് എന്നും പരാതി സംബന്ധിച്ചുള്ള വാര്‍ത്ത പങ്കു വച്ചു കൊണ്ട് ഗൗരി കൂട്ടിച്ചേര്‍ത്തു.
കൊച്ചിയില്‍ സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു പരാതി. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. വളരെയധികം ജനപ്രിയമായ സീരിയലിലെ രണ്ട് നടന്‍മാര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പരാതി നല്‍കിയിരിക്കുന്ന നടിയും കുറ്റാരോപിതരായ നടന്മാരും ഒരേ സീരിയലില്‍ തന്നെയാണ് അഭിനയിക്കുന്നത്.