യുകെയിലെ മലയാളികളെ ഒന്നാകെ ആശങ്കപ്പെടുത്തുന്നതും വളരെ നിരാശാജനകവുമായ ഒരു വിവരമാണ് സ്കോട്ട്ലാന്ഡിലെ എഡിൻബർഗ് പോലീസ് പുറത്തുവിട്ടത്. മൂന്നാഴ്ചമുമ്പ് എഡിൻബർഗിനു സമീപത്തുനിന്ന് കാണാതായ മലയാളി വിദ്യാർത്ഥിനി സാന്ദ്ര സാജുവിന്റെ മൃതദേഹം നദിയിൽ നിന്നും കണ്ടെത്തിയതായി സ്കോട്ട്ലാൻഡ് പോലീസ് ഇന്നലെ പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.
ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർ മൃതദേഹം തിരിച്ചറിഞ്ഞശേഷം മാത്രമേ, ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കൂവെന്നും പോലീസ് അറിയിപ്പിൽ പറയുന്നു. എന്നാൽ നിരവധി സംശയങ്ങളും ചോദ്യങ്ങളും ബന്ധുക്കളുടേയും സമീപവാസികളായ മലയാളികളുടേയും മനസ്സിൽ സാന്ദ്രയുടെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്നുമുണ്ട്.
ഡിസംബർ ആറിനാണ് എഡിൻബർഗിലെ സൗത്ത് ഗൈൽ പ്രദേശത്ത് നിന്ന് 22 വയസ്സുള്ള സാന്ദ്ര സാജുവിനെ കാണാതായത്. ഹെരിയോട്ട് വാട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായിരുന്നു സാന്ദ്ര. വിദ്യാർഥി വിസയിൽ കഴിഞ്ഞവർഷമാണ് സാന്ദ്ര യുകെയിൽ എത്തിയത്. എറണാകുളത്തെ പെരുമ്പാവൂർ സ്വദേശിനിയാണ്.
സ്കോട്ട്ലൻഡ് പോലീസ് അടിയന്തര അന്വേഷണം ആരംഭിച്ചെങ്കിലും സാന്ദ്രയെ കണ്ടെത്താനായില്ല. അതിനിടെ സാന്ദ്രയെ അവസാനമായി കണ്ട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി പുറത്തുവിടുകയും ചെയ്‌തു.
കാണാതായ ദിവസം രാത്രി 9.10 നും 9.45 നും ഇടയിൽ ലിവിങ്സ്റ്റണിലെ ആൽമണ്ട്വെയ്ലിലെ അസ്ഡ സ്റ്റോറിൽ സാന്ദ്ര പ്രവേശിക്കുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. വെറുംകൈയോടെ സ്റ്റോറിലേക്ക് കയറിയ സാന്ദ്ര, കൈയിൽ ആരും പെട്ടെന്ന് ശ്രദ്ധിക്കുന്ന കറുപ്പും വെളുപ്പുമുള്ള വലിയൊരു ഷോപ്പേഴ്‌സ് ബാഗുമായാണ് തിരിച്ചിറങ്ങിയത്.
കറുത്ത ജാക്കറ്റ് ധരിച്ചിരുന്ന സാന്ദ്ര, മുഖം കറുത്ത മാസ്ക്കുകൊണ്ട് മറച്ചിരുന്നു. അതിനാൽത്തന്നെ ദൂരെയെവിടെയോ ആരോടൊപ്പമോ മാറിത്താമസിക്കാനുള്ള തയ്യാറെടുപ്പിലാണ് യുവതിയെന്ന നിഗമനവും ശക്തമായി. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതായി അറിയിച്ചിരുന്നെങ്കിലും സാന്ദ്രയെക്കുറിച്ചുള്ള കൂടുതൽ വിവരമൊന്നും പിന്നീട് ലഭിച്ചില്ല.
ഇതിനിടെയാണ് ഡിസംബർ 27 വെള്ളിയാഴ്ച രാവിലെ 11.55 ഓടെ ന്യൂബ്രിഡ്ജിന് സമീപമുള്ള കനാലിലെ വെള്ളത്തിൽ ഒരു മൃതദേഹം ഒഴുകി നടക്കുന്നതായി കണ്ടെത്തിയ വിവരം പൊലീസിന് ലഭിക്കുന്നത്. അടയാളങ്ങൾ വച്ച് മൃതദേഹം സാന്ദ്രയുടേതാണെന്ന് പോലീസ് കരുതുന്നു.
വിവരം ബന്ധുക്കളെ അറിയിച്ചെന്നും ഔപചാരിക തിരിച്ചറിയൽ കഴിഞ്ഞശേഷമേ മൃതദേഹം സാന്ദ്രയുടേതാണെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കൂവെന്നും പോലീസ് വ്യക്തമാക്കി.
എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കരുതുന്നില്ലെന്നും റിപ്പോർട്ട് പ്രൊക്യുറേറ്റർ ഫിസ്കലിന് അയയ്ക്കുമെന്നും പോലീസ് അറിയിപ്പിൽ പറയുന്നു.
ദുരൂഹതയില്ലാത്ത സാഹചര്യത്തിൽ നദിയിൽ നിന്ന് മൃതദേഹം കിട്ടിയാൽ അത് ഒന്നുകിൽ ആത്മഹത്യയോ അല്ലെങ്കിൽ അപകട മരണമോ ആകാം. സാന്ദ്രയുടെ കേസിൽ ആത്മഹത്യയ്ക്കാണ് കൂടുതൽ സാധ്യത.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കൊറോണറുടെ അന്വേഷണവും കഴിഞ്ഞാൽ മാത്രമേ, മരണത്തിന്റെ യഥാർത്ഥ കാരണം പുറത്തുവരികയുള്ളൂ.
സാന്ദ്രയുടെ മൃതദേഹം കണ്ടെത്തിയതോടെ നിരവധി സംശയങ്ങളും ഉയരുന്നു. ആത്മഹത്യ ചെയ്തതാണെങ്കിൽ എന്തായിരുന്നു സാന്ദ്രയെ അതിന് പ്രേരിപ്പിച്ചത്? ആത്മഹത്യ ചെയ്യാൻ പോകുന്ന സാന്ദ്രയെന്തിനാണ് വസ്ത്രങ്ങളും മറ്റും കൊണ്ടുപോകാൻ കഴിയുംവിധമുള്ള വലിയ ഷോപ്പിംഗ് ബാഗ് അസ്ദയിൽ നിന്നും വാങ്ങിയത്? എന്തിനാണ് ആരും തിരിച്ചറിയാതിരിക്കാൻ മുഖം കറുത്ത മാസ്ക്കുകൊണ്ട് മറച്ചത്?
ഇതൊക്കെ പ്രണയക്കെണിയിലോ മറ്റോ പെടുത്തി ആരെങ്കിലും സാന്ദ്രയെ ചതിച്ചിരിക്കുമെന്ന സൂചനയും ഉയർത്തുന്നു. എന്നാൽ ദുരൂഹതയില്ലെന്ന നിഗമനത്തിൽ കേസ് പെട്ടെന്ന് ക്ളോസ് ചെയ്യാനുള്ള തിടുക്കത്തിലാണ് പോലീസെന്നും ആരോപണമുണ്ട്. കുടിയേറ്റക്കാരുടെ കാര്യത്തിൽ യുകെ പോലീസ് വലിയ അവഗണന കാണിക്കുന്നുവെന്ന പരാതി നേരത്തേയുള്ളതാണ്.
സാന്ദ്രയെ കാണാതായ കേസിൽത്തന്നെ, മൂന്നാഴ്‌ച പിന്നിട്ടിട്ടും സിസിടിവി ദൃശ്യമല്ലാതെ പൊലീസിന് മറ്റൊരു തുമ്പും ലഭിച്ചിരുന്നില്ല. വേണമെങ്കിൽ പോലീസ് ഇരുട്ടിൽ തപ്പുകയായിരുന്നെന്നും പറയാം. ആത്മഹത്യ ചെയ്തതാണെങ്കിൽ കൂടി മൂന്നാംദിനം ബോഡി നദിയിലെ വെള്ളത്തിനുമുകളിൽ വരുമെന്നതിനാൽ അടുത്ത ദിവസങ്ങളിൽ എപ്പോഴെങ്കിലുമാകാം മരണമെന്നും കരുതുന്നു. അതിനാൽ സാന്ദ്രയെ കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ, ജീവൻ രക്ഷിക്കാൻ കഴിഞ്ഞേനെയെന്നും സുഹൃത്തുക്കൾ കരുതുന്നു.
എന്നിരുന്നാലും ആത്മഹത്യ ചെയ്യുമെന്ന സൂചന സാന്ദ്ര കുടുംബാംഗങ്ങൾക്കോ ബന്ധുക്കൾക്കോ നൽകിയിരുന്നോ എന്ന സംശയവുമുണ്ട്. ഒരുപക്ഷേ, അതുകൊണ്ടാകാം കാണാതായ ഉടനെ അവർ പോലീസിനെ വിവരമറിയിച്ചതും നദിയിലെ മരണത്തിൽ ദുരൂഹതയില്ലെന്ന പോലീസിന്റെ പെട്ടെന്നുള്ള നിഗമനവും.