വിവാഹ വീടുകളില്‍ വെറും നിസാര കാര്യങ്ങള്‍ക്കായി വഴക്കുകള്‍ ഉണ്ടാകുന്നതും അതിന് പിന്നാലെ വിവാഹം ഒഴിവാക്കുന്നതും ഇന്ന് പലയിടത്തും പതിവാണ്. അതുപോലെ ഒരു സംഭവം ആണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പൂര്‍ ഗ്രാമത്തിലും ഉണ്ടായത്. വരന്‍ വിവാഹം വേണ്ടെന്ന് വയ്ക്കാനുണ്ടായ കാരണം ഭക്ഷണം വിളമ്പാന്‍ വൈകി എന്നത് കൊണ്ടാണ്. വധു വിവാഹവേഷത്തിലെത്തി വിവാഹവേദിയില്‍ വരനെയും കാത്തിരിക്കുകയും എന്നാല്‍, ആ സമയത്ത് വരന്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏഴ് മാസം മുമ്പ് നിശ്ചയിച്ചിരുന്നതായിരുന്നു വിവാഹം. ഡിസംബര്‍ 22 -ന് പരമ്പരാഗതമായ ആഘോഷങ്ങളോടെ വിവാഹപരിപാടികള്‍ ആരംഭിക്കുകയും ചെയ്തു. വധുവിന്റെ കുടുംബം മധുരപലഹാരങ്ങള്‍ നല്‍കി വരന്റെ സംഘത്തെ സ്വാഗതം ചെയ്തു. പിന്നീട്, അത്താഴവും വിളമ്പി. എന്നാല്‍, വരന്റെ സംഘത്തിലൊരാള്‍ വധുവിന്റെ വീട്ടുകാര്‍ റൊട്ടി വിളമ്പാന്‍ വൈകി എന്നാരോപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നു. ഇത് വലിയ സംഘര്‍ഷത്തിന് വഴിവെച്ചു. വധുവിന്റെ വീട്ടുകാര്‍ വരനോടും കുടുംബത്തോടും സംസാരിക്കുക?യും അവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, വരന്‍ അവിടെ നിന്നും ഇറങ്ങിപ്പോവുകയായിരുന്നത്രെ.
മാത്രമല്ല, അധികം വൈകാതെ അയാള്‍ ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. ആകെ തകര്‍ന്നുപോയ വധുവിന്റെ വീട്ടുകാര്‍ ഇന്‍ഡസ്ട്രിയല്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 24 -ന് പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കി. സ്ത്രീധനമായി നല്‍കിയ ഒന്നരലക്ഷം ഉള്‍പ്പടെ ഏഴുലക്ഷം രൂപയുടെ സാമ്പത്തികനഷ്ടമാണ് തങ്ങള്‍ക്കുണ്ടായത് എന്ന് വധുവിന്റെ വീട്ടുകാര്‍ പറഞ്ഞു. വരന്റെ കുടുംബത്തിലെ അഞ്ച് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വധു ആവശ്യപ്പെടുകയും നിയമനടപടി സ്വീകരിക്കാന്‍ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.