കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിന്റെ ഗ്യാലറിയില്‍ നിന്നും വീണ് എംഎല്‍എ ഉമാ തോമസിന് അപകടം ഉണ്ടായ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഇന്നലെയാണ് കൊച്ചി ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയത്തില്‍ ഗ്യാലറിയില്‍ നിന്നും വീണ് ഉമാ തോമസിന് പരിക്ക് പറ്റിയത്.
ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഉമാ തോമസ്. വേദിയിലുണ്ടായിരുന്ന മന്ത്രി സജി ചെറിയാനെ കൈ കാണിച്ച ശേഷം ഇരിപ്പിടത്തില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം കൊടുത്തത് കൈവരിപോലെ നീളത്തില്‍ സ്റ്റീല്‍ കമ്പികളില്‍ കെട്ടിയ റിബ്ബണിലായിരുന്നു.
എന്നാല്‍ ഇതിന് ബലമില്ലാത്തത് കാരണം ബാലന്‍സ് നഷ്ടപ്പെട്ട ഉമാ തോമസ് കൈവരിയോടൊപ്പം താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ എംഎല്‍എയെ സ്ഥലത്തുണ്ടായിരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ വേഗത്തില്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.
15 അടി ഉയരത്തിലാണ് സ്റ്റേജുണ്ടായിരുന്നതെന്നും താഴേക്ക് ആള്‍ വീഴാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. വേദിയില്‍ ആദ്യം വന്നിരുന്നത് സജി ചെറിയാനാണ്. അതിനുശേഷം ഉമാ തോമസ് വരികയായിരുന്നു.
സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ ആണ് പൊലീസ് കേസ് എടുത്തത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് ആണ് സംഘാടകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.
പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണ് സ്റ്റേജ് നിര്‍മിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നു. വിഐപി ഗാലറിയില്‍ നടന്നുപോകുന്നതിന് മതിയായ സ്ഥലമിട്ടില്ല, സുരക്ഷക്കായി കൈവരിയും സ്ഥാപിച്ചില്ല.
ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സ്ഥലമൊരുക്കിയത്. ദുര്‍ബലമായ ക്യൂ ബാരിയേര്‍സ് ഉപയോഗിച്ചായിരുന്നു മുകളില്‍ കൈവരിയൊരുക്കിയത്. പിന്നാലെ കേസെടുക്കാന്‍ എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.