തൊടുപുഴ: ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെയാണ് കോതമംഗലം ഡിവിഷനില്‍ മുള്ളരിങ്ങാട് റെയിഞ്ചില്‍ കാടിനുള്ളില്‍ പശുവിനെ അന്വേഷിച്ചു പോയ 23 വയസുള്ള യുവാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അമര്‍ ഇലാഹിയുടെ മരണത്തോടെ ഇവിടെ പ്രതിഷേധം രൂക്ഷമാകുകയാണ്. യുവാവിന്റെ മരണത്തില്‍ ഇന്ന് വണ്ണപ്പുറം പഞ്ചായത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അമര്‍ ഇലാഹിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. ദുരന്ത നിവാരണ വകുപ്പുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അതിനിടെ മോര്‍ച്ചറിയില്‍ സിപിഎം പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ വാക്പോരുണ്ടായി.സ്ഥലം എംഎല്‍എ പിജെ ജോസഫ് എവിടെയെന്ന് ചോദിച്ചായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. പിന്നാലെ മന്ത്രി റോഷി അഗസ്റ്റിന്‍ എവിടെയെന്ന് യുഡിഎഫ് പ്രവര്‍ത്തകരും ചോദിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ വാക്ക് തര്‍ക്കമായി.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. തേക്കിന്‍കൂപ്പില്‍ കെട്ടിയിരുന്ന പശുവിനെ അഴിക്കാന്‍ അമര്‍ ഇലാഹി സുഹൃത്തിനൊപ്പം പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാന ആക്രമണത്തില്‍ അമല്‍ ഇലാഹിക്ക് ഗുരുതരമായി പരിക്കേറ്റു. കാട്ടാനയെ കണ്ട് പേടിച്ചോടിയ സുഹൃത്തിനും പരിക്കേറ്റു.