കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ എംഎല്‍എ ഉമാ തോമസിന് അപകടം ഉണ്ടായ സംഭവത്തില്‍ കൂടുതല്‍ നടപടിക്കൊരുങ്ങി പൊലിസ്. ഇന്ന് കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് അറിയിപ്പ്.
സംഘാടകര്‍, ഇവന്റ് മാനേജ്‌മെന്റ് ടീം, സ്റ്റേജ് നിര്‍മാണ കരാര്‍ ജീവനക്കാര്‍ എന്നിവരോട് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഫൊറന്‍സിക് പരിശോധനാ ഫലവും ഇന്ന് വരും.
നിലവില്‍ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മൃദംഗ വിഷന്‍ സിഇഒ ഷമീര്‍, ഓസ്‌കര്‍ ഇവന്റ്‌സ് മാനേജര്‍ കൃഷ്ണകുമാര്‍, സ്റ്റേജ് നിര്‍മിച്ച ബെന്നി എന്നിവരാണ് നിലവില്‍ അറസ്റ്റിലായത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് നിലവില്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതേ സമയം നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് ഉമ. സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ് ചികിത്സ. ശ്വാസകോശത്തിനും തലച്ചോറിനും ഏറ്റ പരിക്ക് ഭേദമാകാന്‍ സമയമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മന്ത്രി സജി ചെറിയാന്‍ അടക്കമുള്ളവര്‍ ഉമ തോമസിനെ സന്ദര്‍ശിച്ചിരുന്നു.