കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ സ്റ്റേജില്‍ നിന്നും വീണ് പരിക്കു പറ്റിയ ഉമാ തോമസിന്റെ ആരോഗ്യ വിവരം അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ് ഉമാ തോമസ്. ഉമാ തോമസിന്റെ മകനുമായിട്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്.
ഫോണില്‍ സംസാരിച്ചു കൊണ്ടാണ് എംഎല്‍എയുടെ ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞത്. ആരോഗ്യ വിവരങ്ങള്‍, ചികിത്സാ പുരോഗതി എന്നിവയെപ്പറ്റി വിവരങ്ങള്‍ ആരാഞ്ഞു. അന്‍വര്‍ സാദത്ത് എംഎല്‍എയും കൂടെയുണ്ടായിരുന്നു.
അതേസമയം ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി ആശുപത്രിയിലെ മെഡിക്കല്‍ സംഘവും മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും ചേര്‍ന്നുള്ള സംയുക്ത മെഡിക്കല്‍ ടീം വിലയിരുത്തി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഈ ടീമുമായി ആശയവിനിമയം നടത്തി.
ഉമാ തോമസിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയും പിന്നീട് ഉണ്ടായേക്കാവുന്ന സങ്കീര്‍ണതകളും യോഗം വിലയിരുത്തി. വരും ദിവസങ്ങളിലെ ട്രീറ്റ്‌മെന്റ് പ്ലാന്‍ ചര്‍ച്ച ചെയ്തു. ഓരോ വിദഗ്ധ ഡോക്ടറും അവരുടെ അഭിപ്രായങ്ങള്‍ മുന്നോട്ടുവച്ചു. അണുബാധയുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മന്ത്രി ഓര്‍മ്മപ്പിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
അതേ സമയം, കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലുണ്ടായ അപകടത്തെ തുടര്‍ന്നെടുത്ത കേസിലെ പ്രതികള്‍ക്ക് ഇടക്കാല ജാമ്യം. സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയുടെ നടത്തിപ്പുകാരായ മൃദംഗ വിഷന്റെ സിഇഒ ഷമീര്‍ അബ്ദുള്‍ റഹിം, ക്രമീകരണങ്ങള്‍ ഒരുക്കിയ ഇവന്റ്‌സ് ഇന്ത്യ പ്രൊപ്രൈറ്റര്‍ എംടി കൃഷ്ണകുമാര്‍, താല്‍ക്കാലിക സ്റ്റേജ് തയ്യാറാക്കിയ മുളന്തുരുത്തി സ്വദേശി ബെന്നി എന്നിവര്‍ക്കാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളോട് ജനുവരി മൂന്നിന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.