നവവത്സര ദിനത്തിൽ യുകെ മലയാളികളെ വേദനയിലാഴ്ത്തി ഒരു മരണവർത്തയും. ലണ്ടൻ യൂണിവേഴ്സിറ്റിയിൽ പഠിച്ചിരുന്ന സ്റ്റെനി എലിസബത്ത് ഷാജിയാണ് അകാലത്തിൽ വിടപറഞ്ഞത്.
പത്തനംതിട്ട സ്വദേശിയായ ഷാജി വർഗീസിന്റെ മകളാണ് 27 വയസ്സുള്ള സ്റ്റെനി. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിലെ എംഎസ് സി സൈക്കോളജി വിദ്യാർഥിനിയാണ് സ്റ്റെനി എലിസബത്ത് ഷാജി. കഴിഞ്ഞവർഷമാണ് സ്റ്റെനി സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയത്.
കൂടെപ്പഠിക്കുന്ന വിദ്യാർത്ഥികൾക്കൊപ്പം ലണ്ടനിലെ വെമ്പ്ളിയിലാണ് സ്റ്റെനി താമസിച്ചിരുന്നത്. എല്ലാവരും പുതുവർഷ ആഘോഷം നടത്തവേ, വെളുപ്പിനെ ഒരുമണിയോടെയാണ് സ്റ്റെനി കുഴഞ്ഞുവീണ് മരിച്ചത്.
പനി, ചുമയും മൂലം ഒരാഴ്ച മുൻപ് സ്റ്റെനി ജിപിയുടെ അടുത്ത് ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽ അഡ്‌മിറ്റായില്ലെങ്കിലും സ്റ്റെനിയുടെ ശാരീരിക അസ്വസ്ഥതകൾ പൂർണ്ണമായും വിട്ടുമാറിയിരുന്നില്ല.
പുതുവത്സര ദിനം രാത്രിയോടെ അസുഖം മൂർച്ഛിക്കുകയും തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്‌തു. എന്നാൽ വിദഗ്ദ ചികിത്സയ്ക്ക് ബാർനെറ്റ് റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള നിർദ്ദേശമാണ് ലഭിച്ചത്.
തുടർന്ന് പാരാമെഡിക്കലുകളുടെ സഹായത്തോടെ ബാർനെറ്റിലെ എമർജൻസി വിഭാഗത്തിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്തനംതിട്ടയിൽ നിന്നും ഷാജിയും കുടുംബവും വർഷങ്ങൾക്കുമുമ്പ് ഗുജറാത്തിലെ രാജ്ഘട്ടിലേക്ക് താമസം മാറ്റിയിരുന്നു. അവിടെനിന്നാണ് സ്റ്റെനി യുകെയിൽ പഠിക്കാനെത്തിയത്. കുഞ്ഞുമോളാണ് മാതാവ്, ഏക സഹോദരൻ ആൽബി.
മൃതദേഹം ബാർനെറ്റ് റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു. ഗുജറാത്തിലുള്ള കുടുംബാംഗങ്ങളേയും പത്തനംതിട്ടയിലെ ബന്ധുക്കളേയും മരണവിവരം അറിയിച്ചിട്ടുണ്ട്.
സിറ്റി ഓഫ് ലണ്ടൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ അംഗമാണ്. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിൽ എത്തിച്ചു സാംസ്‌കരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി. ഇതിനായി വെമ്പ്ളിയിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ മലയാളി അസ്സോസിയേഷൻ അംഗങ്ങൾ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുവരുന്നു.
ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പുതുവർഷ ദിനത്തിലെ അപ്രതീക്ഷിത മരണം യുകെ മലയാളി സമൂഹത്തിൽ ഒന്നാകെ ആശങ്കയുയർത്തുന്നു. 2024 ൽ പരമ്പരപോലെ നടന്ന അപ്രതീക്ഷിത അകാല മരണങ്ങൾ 2025 ലും തുടരുമെന്നതിന്റെ സൂചനയായും ഇതിനെ കാണുന്നു. സമീപ വർഷങ്ങളിൽ മലയാളികളുടെ ഏറ്റവുമധികം അകാലമരണങ്ങൾ നടക്കുന്ന വിദേശരാജ്യവുമായി യുകെ മാറിയെന്നതാണ് ദൗർഭാഗ്യകരമായ കാര്യം.
യുകെയിൽ പഠിക്കാനും ആദ്യമായി ജോലിക്കായും എത്തുന്നവർ, കാലാവസ്ഥയിലേയും ഭക്ഷണത്തിലേയും ജീവിത രീതിയിലേയും മാറ്റങ്ങൾ മനസ്സിലാക്കിയും ആരോഗ്യകാര്യത്തിൽ കൂടുതൽ പരിരക്ഷ നൽകിയും ജീവിക്കേണ്ടതുണ്ട്.