സൈബര്‍ ലോകത്ത് ഓരോ ദിവസവും നിരവധി വീഡിയോകളാണ് പ്രത്യക്ഷപ്പെടുന്നത്. അവയില്‍ വ്യത്യസ്തങ്ങളായവ വളരെ വേഗം വൈറലാകാറുമുണ്ട്. ചില വൈറല്‍ വീഡിയോകള്‍ സത്യം തന്നെയോ എന്ന് ആശങ്കപ്പെടുന്ന തരത്തില്‍ വിചിത്രവുമായിരിക്കും. അത്തരത്തില്‍ മനുഷ്യന്റെ സാമാന്യ ബോധത്തിന് ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. മേഘങ്ങള്‍ക്ക് മുകളില്‍ നില്‍ക്കുന്ന മനുഷ്യ രൂപങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മേഘങ്ങള്‍ക്ക് മുകളിലൂടെ പറക്കുന്ന ഒരു വിമാനത്തിനുള്ളില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളിലാണ് മേഘങ്ങള്‍ക്ക് മുകളില്‍ നില്‍ക്കുന്ന മനുഷ്യരൂപങ്ങള്‍ കാണാനാകുന്നത്.
പാരാനോര്‍മല്‍ വിദഗ്ധയായി അറിയപ്പെടുന്ന മൈര മൂര്‍ എന്ന യുവതിയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ''ഒരു കൊമേഴ്സ്യല്‍ എയര്‍ലൈനിലെ ഒരു യാത്രക്കാരന്‍ ക്ലൗഡ് കവറില്‍ നില്‍ക്കുന്ന ഒന്നിലധികം ജീവികളായി തോന്നുന്ന രൂപങ്ങളെ കണ്ടെത്തി. എന്താണ് സംഭവിക്കുന്നത്''- എക്‌സില്‍ വീഡിയോ പങ്ക് വെച്ച് മൈര മൂര്‍ കുറിച്ചു. വീഡിയോയില്‍ മേഘങ്ങള്‍ക്ക് മുകളില്‍ നില്‍ക്കുന്നത് പോലെയുള്ള ഒന്നില്‍ കൂടുതല്‍ മനുഷ്യരൂപങ്ങള്‍ കാണാം. അതിവിശാലമായ മേഘപ്പരപ്പിന് മുകളില്‍ അവിടവിടെയായി ഒന്ന് രണ്ട് മനുഷ്യരൂപങ്ങള്‍ക്ക് സമാനമായ രൂപങ്ങള്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.
മേഘങ്ങള്‍ക്ക് മുകളില്‍ ഈ രണ്ട് പേര്‍ നില്‍ക്കുന്ന ഏതാണ്ട് മൂന്നോളം രൂപങ്ങള്‍ വീഡിയോയില്‍ കാണാം. വീഡിയോ സൈബര്‍ ലോകത്ത് പ്രചരിച്ചതിന് പിന്നാലെ നിരവധി ഗൂഢാലോചനാ സിദ്ധാന്തക്കാരെത്തി. നിരവധി പേര്‍ അത് അന്യഗ്രഹ ജീവികളാണെന്ന് തറപ്പിച്ച് പറഞ്ഞു. അതേസമയം നിരവധി പേര്‍ വീഡിയോയുടെ ആധികാരികതയെ കുറിച്ച് സംശയം പ്രകടിപ്പിച്ചു. അവര്‍ കൂടുതല്‍ യുക്തിസഹമായ ഒരു ഉത്തരം ആവശ്യപ്പെട്ടു. അനുഭവജ്ഞാനമുള്ള ഒരു പൈലറ്റ് തന്നോട് പറഞ്ഞത് അത് ഉയരം കൂടിയ കെട്ടിടങ്ങളില്‍ നിന്നും ഉയരുന്ന നീരാവിയാകാമെന്ന് ആണെന്ന് ഒരാള്‍ എഴുതി. എന്നാല്‍ ഇതിന് സ്ഥിരീകരണമെന്നും ഇല്ല. അത് മേഘരൂപങ്ങളാകാണെന്നും കാഴ്ചയില്‍ മനുഷ്യരെ പോലെ തോന്നുന്നതാകാമെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു. ഏതായാലും മൂന്ന് ദിവസം കൊണ്ട് 48 ലക്ഷം പേരാണ് വീഡിയോ കണ്ടത്.