കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടി ദിവ്യാ ഉണ്ണിയുടെ ഗിന്നസ് റെക്കോര്‍ഡിന് വേണ്ടി സംഘടിപ്പിച്ച നൃത്ത പരിപാടിക്കിടെ എംഎല്‍എ ഉമാ തോമസിന് ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട് പരാതിയുമായി അധ്യാപകന്.
നൃത്ത പരിപാടിക്ക് എതിരെ ഗിന്നസ് റെക്കോര്‍ഡ്സിന് പരാതി നല്‍കിയിരിക്കുകയാണ് അധ്യാപകന്. പരിപാടിക്ക് നല്കിയ റെക്കോര്‍ഡ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗിന്നസ് റെക്കോര്‍ഡ്സ് പ്രസിഡന്റിന് അദ്യാപകന് കത്തു നല്‍കിയത്. അധ്യാപകനായ ഷിനോ പി. ജോസ് ആണ് പരാതിക്കാരനായ അധ്യാപകന്.
അന്ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്നത് സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട പരിപാടിയാണെന്നു പരാതിയില്‍ പറയുന്നു. പത്ത് കോടി രൂപയോളം പരിപാടിയുടെ മറവില്‍ സംഘാടകര്‍ തട്ടിച്ചു. സുരക്ഷാ വീഴ്ച മൂലം ഒരു എംഎല്‍എയ്ക്കു ഗുരുതര പരിക്ക് പറ്റിയെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, ഓരോ കുട്ടിക്കും ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും അത് മൃദംഗയും ഗിന്നസും തമ്മിലുള്ള കരാറാണെന്നും നേരത്തെ സംഘാടകരായ മൃദംഗ വിഷന്റെ പ്രൊപ്പറേറ്റര്‍ നികോഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. രണ്ടു മാസമാണ് ഇതിനുള്ള പ്രോസസിങ് സമയമെടുക്കുക. ഗിന്നസ് റെക്കോര്‍ഡിനെ കുറിച്ച് അറിയാത്തവരാണ് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നികോഷ് പറഞ്ഞു.
പരിപാടിയില്‍ സുരക്ഷാവീഴ്ച സംഭവിച്ചതായി തോന്നുന്നില്ലെന്നും നികോഷ് പറഞ്ഞു. ഏത് വകുപ്പിനുമുന്‍പിലും എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയാറാണ്. ഒരു രാത്രി കൊണ്ടുവന്ന കടലാസ് കമ്പനി ഈ നിലയ്ക്ക് പരിപാടി നടത്തില്ല. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴിയാണു വിറ്റിരുന്നത്. ആരോപിക്കപ്പെടുന്നതു പോലെയുള്ള ടിക്കറ്റുകള്‍ വിറ്റഴിച്ചിട്ടില്ല. കൃത്യമായ കണക്കുകള്‍ ബുക്ക് മൈ ഷോയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.