2024ലെ തീരാ നഷ്ടങ്ങളില്‍ ഒന്നായിരുന്നു എംടിയുടെ വേര്‍പാട്. എംടി മരിച്ച അന്ന് എംടിയുടെ പ്രിയ ശിഷ്യന്‍ മമ്മൂട്ടി എഴുതിയ കുറിപ്പ് ഏറെ നൊമ്പരപ്പെടുത്തിയിരുന്നു. വിദേശത്ത് ഷൂട്ടിങ്ങിലായിരുന്നതിനാല്‍ അവസാനമായി കാണാന്‍ എത്താന്‍ മമ്മൂട്ടിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്നലെ എംടിയുടെ സിത്താരയില്‍ മമ്മൂട്ടി എത്തി.
എംടി മരിച്ച് പത്താം നാളാണ് മമ്മൂട്ടി എംടിയുടെ കോഴിക്കോടുള്ള സിത്താരയില്‍ എത്തുന്നത്. മമ്മൂട്ടി സിത്താരയില്‍ എത്തുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ എംടിയുടെ ആ വാക്കുകള്‍ ആയിരുന്നു മനസ്സില്‍. 'ഞാനെഴുതുമ്പോഴൊന്നും അതില്‍ മമ്മൂട്ടിയുണ്ടാകാറില്ല, പക്ഷേ, അത് കഥാപാത്രമാവുമ്പോള്‍ അയാള്‍ കടന്നുവരും.' എംടി മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ പല കാര്യങ്ങളും ഇരുവരും ഒരുമിച്ചുള്ള സൗഹൃദവും സ്നേഹവും എല്ലാം ഇന്നലെ മമ്മൂട്ടിയുടെ വരവ് കണ്ട് നിന്നവരുടെ മനസ്സിലൂടെ കടന്നു പോയി.
വിദേശത്തെ സിനിമാചിത്രീകരണത്തിലായതിനാല്‍ എം.ടിയുടെ മരണവേളയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. ദുബായില്‍ നിന്നും കൊച്ചിയിലേക്കും അവിടന്ന് കോഴിക്കോട്ടേക്കുമുള്ള ഫ്‌ളൈറ്റില്‍ ഇന്നലെ വൈകിട്ട് മമ്മൂട്ടി കോഴിക്കോട് കൊട്ടാരം റോഡിലെ എം.ടിയുടെ വീടായ 'സിത്താര'യിലെത്തി. നടന്‍ രമേഷ് പിഷാരടിയും ഒപ്പമുണ്ടായിരുന്നു.
എം.ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയും മകള്‍ അശ്വതിയും മരുമകനും മമ്മൂട്ടിയെ സ്വീകരിച്ചു. എം.ടിയുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ പലപ്പോഴും മമ്മൂട്ടി വികാരാധീനനായി.
എംടിയുമായുള്ള അടുപ്പത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പോയിട്ട് പത്ത് ദിവസമായി. മറക്കാന്‍ പറ്റാത്തതിനാലാണ് വന്നത്. അത്രയേയുള്ളു എന്നായിരുന്നു പ്രതികരണം. ഡിസംബര്‍ 25നാണ് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എംടി വിട പറഞ്ഞത്.
'കോടതിയില്‍ പ്രാക്ടീസ് തുടങ്ങാന്‍ തീരുമാനിച്ച ദിവസമാണ് 'ദേവലോക'ത്തിന്റെ ലൊക്കേഷനിലെത്താന്‍ വിളി വന്നത്. എം.ടിയുടെ സിനിമ വേണോ, വക്കീലാവണോ എന്നത് വലിയ സംഘര്‍ഷമായിരുന്നു. സിനിമ മതിയെന്ന് ഒടുവില്‍ തീരുമാനിച്ചു. കോഴിക്കോട് ബീച്ച് റോഡിലുള്ള എയര്‍ലൈന്‍ ലോഡ്ജില്‍ വച്ചാണ് ആദ്യം കാണുന്നത്. ദേവലോകം വെളിച്ചം കണ്ടില്ലെങ്കിലും പിന്നീട് എന്നെ വിളിക്കാന്‍ അദ്ദേഹം മറന്നില്ല. ഞാനെന്ന നടനെ പരുവപ്പെടുത്തിയതില്‍ എം.ടി ഉണ്ടായിരുന്നു. സ്മാരകവും സ്തൂപങ്ങളൊന്നും പാടില്ലെന്നാണ് എം.ടി പറഞ്ഞത്. പക്ഷേ കേരളത്തില്‍ വായനാസംസ്‌കാരവും വളര്‍ത്താന്‍ എം.ടിയുടെ പേരില്‍ സംവിധാനങ്ങളുണ്ടാവണം. കുടുംബം തീരുമാനിക്കുന്നതിനൊപ്പം കൂടെയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എന്നിവരും ഇന്നലെ എം.ടിയുടെ വീട്ടില്‍ എത്തിയിരുന്നു.