ന്യൂഡല്‍ഹി: കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ ജീവിക്കുന്ന കാലത്ത് അതിന് നിയന്ത്രണം വരുത്താനുള്ള തീരുമാനത്തിലാണ് രാജ്യം. പ്രായപൂര്‍ത്തിയാകാത്ത പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങാന്‍ ഇനി രക്ഷിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധിച്ച് ഡിജിറ്റല്‍ പേര്‍സനല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമത്തിന്റെ കരട് രൂപം പുറത്ത്.
കുട്ടികളുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുമ്പ് രക്ഷിതാക്കളുടെ പക്കല്‍ നിന്ന് ആവശ്യമായ അനുവാദം വാങ്ങണം എന്നാണ് ഇതില്‍ പറയുന്നത്.
രക്ഷിതാക്കളുടെ അനുവാദം ലഭിക്കാത്തിടത്തോളം കാലം സ്ഥാപനങ്ങള്‍ക്ക് കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കാനോ ശേഖരിക്കാനോ സാധിക്കില്ലെന്നും രേഖയില്‍ പറയുന്നു.
കുട്ടികള്‍ ഏതെങ്കിലും വ്യക്തിഗത വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ചേര്‍ക്കുന്നതിന് മുമ്പ് രക്ഷിതാവ് കുട്ടിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ അധികാരികളെ നിയമിച്ച് നടപടി കൈക്കൊള്ളുമെന്ന് കരട് രേഖയില്‍ പറയുന്നു.
അതേസമയം ഇത് ലംഘിച്ചാല്‍ തുടര്‍ നടപടികളെക്കുറിച്ചും ശിക്ഷയെക്കുറിച്ചുമുള്ള കാര്യങ്ങളൊന്നും തന്നെ കരട് രേഖയില്‍ പറയുന്നില്ലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 18-ന് ശേഷം ഈ കരട് രേഖയില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷം രേഖ പുനഃപരിശോധിക്കുകയും കൂട്ടിച്ചേര്‍ക്കലുകളുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.