ഡല്‍ഹി: കഴിഞ്ഞ ദിവസം മുതല്‍ ലോകത്തെ ആകെ ആശങ്കയില്‍ ആഴ്ത്തിയ വാര്‍ത്തയായിരുന്നു ചൈനയില്‍ ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) വൈറസ് പടരുന്നു പിടിക്കുന്ന വാര്‍ത്ത. ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ് 19ന്റെ ഉറവിടവും ഇതുപോലെ ചൈനയില്‍ നിന്നായിരുന്നു എന്നതാണ് എല്ലാവരെയും ആശങ്കയില്‍ ആഴ്ത്തുന്ന കാരണം.
എന്നാല്‍ ഇതേ കുറിച്ച് ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നിലവില്‍ ആശങ്ക വേണ്ടെന്നും പ്രതിരോധമാണ് പ്രധാനമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് വ്യക്തമാക്കി.
രാജ്യത്തെ പകര്‍ച്ച വ്യാധികളുടെ വ്യാപനം സംബന്ധിച്ച് നിരീക്ഷണം നടത്തി വരികയാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെ പൊതുവായ മുന്‍കരുതലുകള്‍ എടുക്കുകയാണ് വേണ്ടതെന്നും ആരും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ഡിജിഎച്ച്എസ് ഉദ്യോഗസ്ഥന്‍ ഡോ. അതുല്‍ ഗോയല്‍ പറഞ്ഞു.
ജലദോഷത്തിന് കാരണമാകുന്ന മറ്റേതൊരു ശ്വാസകോശ വൈറസിനെയും പോലെയാണ് മെറ്റാപ്ന്യൂമോവൈറസ്. പ്രായമായവരിലും ചെറുപ്പത്തിലും പനി പൊതുവായ ലക്ഷണമാണ് - ഡോ. അതുല്‍ ഗോയല്‍ പറഞ്ഞു.
ഇതിന്റെ വ്യാപനം തടയാന്‍ പ്രതിരോധം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. ജലദോഷമോ പനിയോ ഉള്ളപ്പോള്‍ ആവശ്യമായ സാധാരണ മരുന്നുകള്‍ കഴിക്കുക. ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണമെന്നും ഡോ. അതുല്‍ പറഞ്ഞു.