കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ദിവ്യാ ഉണ്ണിയുടെ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിയില്‍ കൂടുതല്‍ പരാതികള്‍. നൃത്ത പരിപാടിയെ തുടര്‍ന്ന് ഗ്രൗണ്ടിന് കേടുപാട് ഉണ്ടായതായാണ് പരാതി.
പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സും ജിസിഡിഎയും സംയുക്ത പരിശോധന നടത്തും എന്ന് അറിയിച്ചിട്ടുണ്ട്. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ആയിരത്തിയറുനൂറോളം പേരാണ് നൃത്ത പരിപാടിയില്‍ പങ്കെടുത്തത്. ഇത്രയും പേര്‍ നൃത്തം ചെയ്യുമ്പോള്‍ സ്വഭാവികമായും ഗ്രൗണ്ടിനും ടര്‍ഫിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ആരോപണം.
ജിസിഡെഎയുടെ ഉടമസ്ഥതയിലാണ് സ്റ്റേഡിയമെങ്കിലും പരിപാലനം നടത്തുന്നത് ബ്ലാസ്റ്റേഴ്സ് ആണ്. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് ആണ് കലൂര്‍ സ്റ്റേഡിയം. 13-ാം തീയതിയാണ് അടുത്ത മത്സരം. മത്സരത്തിന് മുന്‍പായി ഗ്രൗണ്ടില്‍ പരിശോധന നടത്തും. കേടുപാട് ഉണ്ടായിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം ചോദിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കം. അതേസമയം പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്യും. അമേരിക്കയിലേക്ക് തിരിച്ചുപോയ നടി ദിവ്യ ഉണ്ണിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തിയേക്കും. നൃത്താധ്യാപകരുടെ മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. പണപ്പിരിവിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചതില്‍ ആവശ്യമെങ്കില്‍ നൃത്ത അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കും.
നടന്‍ സിജോയ് വര്‍ഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്. അതേസമയം ഒന്നാം പ്രതി നിഘോഷ് കുമാര്‍, രണ്ടാം പ്രതി നിഘോഷിന്റെ ഭാര്യ മിനി, മൂന്നാം പ്രതി ഷമീര്‍ അബ്ദുല്‍ റഹീം എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.