കൊച്ചി: മലയാള താര സംഘടനയായ അമ്മയ്ക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ കഷ്ടകാലമാണ്. പുതിയ ഭരണാധികാരികളെ തിരഞ്ഞെടുത്ത ശേഷം അമ്മയില്‍ ഉണ്ടായ പ്രശ്നങ്ങളും പിന്നീട് അമ്മ സംഘടനടയിലെ തലപ്പത്ത് ഉണ്ടായ പലരും പീഡന കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതുമെല്ലാം കണ്ട് മലയാളി പ്രേക്ഷകര്‍ ഞെട്ടിയിരുന്നു. എന്നാല്‍ അണ്മ സംഘട ഇനിയും അതുപോലെ തന്നെ തിരിച്ചുവരും എന്ന് ആഗ്രഹിച്ച പലരും അമ്മയ്ക്ക് അകത്തും പുറത്തും ഉണ്ടായിരുന്നു.
ആ ആഗ്രഹത്തിന്റെ ഭാഗമായിട്ടാണ് ഇന്നലെ കൊച്ചിയില്‍ അമ്മ സംഘടനയുടെ കുടുംബ സംഗമം നടന്നത്. വേദിയില്‍ വെച്ച് നടന്‍ സുരേഷ് ഗോപി പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധ നേടുകയാണ്. അമ്മ എന്ന സംഘടനയെ എ.എം.എം.എ എന്ന് സംബോധന ചെയ്യണം എന്ന് നേരത്തെ ഒരു താരം പറഞ്ഞിരുന്നു. ഇതിനെല്ലാം ചേര്‍ത്തായിരുന്നു സുരേഷ് ഗോപി മറുപടി പോലെ പറഞ്ഞത്. അമ്മയുടെ ചരിത്ര നാള്‍വഴി ഓര്‍മ്മിപ്പിക്കും പോലെയാണ് സുരേഷ് ഗോപിയുടെ പ്രസംഗം.
സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു:
'ഒരുപാട് സ്നേഹക്കൂടുതലാണിപ്പോള്‍ തോന്നുന്നത്. 1994ല്‍ സംഘടന രൂപീകൃതമായതിന് തൊട്ടുപിന്നാലെ തന്നെ, അടുക്കും ചിട്ടിയോടും കൂടി തുടങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇതുപോലെയൊരു അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ച് ബഹുമാനപ്പെട്ട മധു സാര്‍ നയിക്കുന്ന അമ്മ ആയിട്ടാണ് സംഘടന തുടങ്ങുന്നത്.
പിന്നീട് എംജി സോമന്റെ നേതൃത്വത്തിലാണ് സംഘടന സ്ഥാപിതമാകുന്നത്. 1995 ജനുവരിയില്‍ തന്നെ ധന ശേഖരണാര്‍ഥം ആദ്യത്തെ അമ്മ ഷോ നടത്തി. അവിടെ നിന്നിങ്ങോട്ട് ഒരുപാട് അധ്വാനവും ഒരുപാട് പേരുടെ ഹൃദയക്കൂട്ടായ്മയായിട്ടാണ് ഈ സംഘടന നിലനിന്ന് പോയത്. ആറ് മാസം മുന്‍പ് നമ്മള്‍ ഹൃദയം കൊണ്ട് വോട്ട് ചെയ്ത് ജയിപ്പിച്ച ഒരു സംഘം ഒരു വെറുംവാക്ക് പറഞ്ഞ് ഇവിടെ നിന്ന് ഇറങ്ങിപ്പോയി എന്ന് മാത്രമേ ഞാന്‍ കരുതുന്നുള്ളൂ.
ആ സംഘം ഈ സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കാന്‍, ഒരുപക്ഷേ ഒരു വീഴ്ചയില്‍ ഒരു പുതുലോകത്തെ നമ്മുക്ക് പരിചയപ്പെടുത്തി തന്നെങ്കില്‍ ആ ലോകത്തോട് മറുപടി പറയാനുള്ള ഒത്തുചേരലായി നിങ്ങളെല്ലാവരും തിരിച്ച് വന്ന് ഈ സംഘത്തെ നയിക്കണം. ഇതൊരു അപേക്ഷയല്ല, ആജ്ഞയാണ്. എല്ലാവര്‍ക്കും വേണ്ടിയാണ് ഞാനിത് പറയുന്നത്. ഇതൊരു ആജ്ഞയാണ്.
കേരളപ്പിറവി ദിനത്തില്‍ അവിടെ പ്രസംഗിച്ചതു തന്നെ പറയുന്നു. 'ഇവിടെ നിന്ന് ഞങ്ങള്‍ ഇറങ്ങി പോവുകയാണ്, ഇനി ആരെങ്കിലും ഇത് നോക്കിക്കോ' എന്ന് പറഞ്ഞ് ഇറങ്ങി പോയവന്‍മാരെയെല്ലാം കുത്തിന് പിടിച്ച് ഇവിടെ കൊണ്ടുവന്നിരുത്തി ഇതിന്റെ ഭരണം തിരിച്ചേല്‍പ്പിക്കണമെന്നാണ് പറഞ്ഞത്.
അമ്മ എന്ന പേര് സംഘടനയ്ക്ക് നല്‍കിയത് സ്വര്‍ഗീയനായ മുരളിയാണ്, നമ്മുടെ ഒക്കെ മുരളി ചേട്ടന്‍. അതങ്ങനെ തന്നെയാണ് ഉച്ചരിക്കപ്പെടേണ്ടത്. പുറത്തുള്ള മുതലാളിമാര്‍ പറയുന്നത് നമ്മള്‍ അനുസരിക്കില്ല. എ കുത്ത് എം കുത്ത് എം കുത്ത് എ കുത്ത് അതവരുടെ വീട്ടില്‍ കൊണ്ട് വച്ചാല്‍ മതി. ഞങ്ങള്‍ക്ക് അമ്മയാണ്'- സുരേഷ് ഗോപി പറഞ്ഞു.