2025 നെ വരവേറ്റ് ബ്രിട്ടൻ നന്നായി ആഘോഷിച്ചെങ്കിലും പുതുവർഷം അത്ര ശുഭകരമായ ഒരു തുടക്കമല്ല യുകെ മലയാളികൾക്ക് സമ്മാനിച്ചത്. ഒരാഴ്ചയ്ക്കിടെ യുകെ മലയാളികളിൽ വേദനയും ആശങ്കയും ഒരേപോലെ ഉണർത്തി മൂന്ന് മരണങ്ങളാണ് കടന്നുപോയത്.
അതിനൊപ്പം ലണ്ടനിലെ ഉന്നത മലയാളി ഉദ്യോഗസ്ഥന്റെ കാണാതാകൽ വർത്തയുമെത്തി. സ്കോട്ട്ലാൻഡിൽ നിന്നും കാണാതായ സാന്ദ്രയുടെ ദുരൂഹ മരണ സാഹചര്യത്തിൽ ലണ്ടനിലെ നരേന്ദ്രൻ രാമകൃഷ്ണന്റെ കാണാതാകൽ യുകെ മലയാളികളിൽ കൂടുതൽ ആശങ്കയുണർത്തുന്നു. സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തിയ എറണാകുളം സ്വദേശിയായ ആയുർവ്വേദ ഡോക്ടർ ആനന്ദ് നാരായണന്റെ അപ്രതീക്ഷിത മരണം യുകെ മലയാളികൾക്ക് അവിശ്വസനീയവുമായി. ഒന്നരവർഷം മുമ്പാണ് ആനന്ദും ആയുർവേദ ഡോക്ടർ തന്നെയായ ഭാര്യ ഹരിതയും യുകെയിൽ സ്റ്റഡി വിസകളിൽ എത്തുന്നത്. ഇന്ത്യൻ ആയുർവ്വേദ മെഡിക്കൽ ഡിഗ്രികൾ യുകെ മെഡിക്കൽ ബോർഡ് അംഗീകരിക്കാത്തതിനാൽ ഇരുവരും ഇവിടെ ഉന്നത പഠനത്തിന് ചേരുകയും ഓൾഡേജ് കെയർ ഹോമുകളിൽ ഹെൽത്ത് കെയറർമാരായി ജോലിചെയ്യുകയുമായിരുന്നു. അതിനിടെയാണ് ആനന്ദിന് നെഞ്ചിൽ അണുബാധ വരുന്നത്. എന്നാൽ ഇരുവരും ആയുർവേദ ഡോക്ടർമാർ ആയതിനാൽ അത് കാര്യമാക്കാതെ അരിഷ്ടവും കഷായവും മറ്റുമായി ആയുർവേദ ചികിത്സ നടത്തുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
ഇതേത്തുടർന്ന് രോഗം മൂർഛിക്കുകയും കരളിലേക്കും മറ്റ് അവയവങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. ഒരുമാസം മുമ്പ് ആനന്ദിനെ ഗുരുതര കരള്‍ രോഗത്തെ തുടര്‍ന്ന് ലണ്ടനിലെ കിംഗ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈസമയം കരളിലും നെഞ്ചിലും അണുബാധ കൂടുകയും മറ്റ് ആ്ന്തരിക അവയവങ്ങളെ ബാധിക്കുകയും ചെയ്തു.
ഒന്നര ആഴ്ചമുമ്പ് ആന്തരിക രക്തസ്രാവം ശക്തമായതോടെ ആനന്ദിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മരുന്നുകളോട് ഒന്നും പ്രതികരിക്കാതെ അവയവങ്ങളുടെ പ്രവർത്തനം നിലച്ച് ബ്രെയിൻ ഡെത്താകുകയും ചെയ്തതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പായതോടെ വെന്റിലേറ്റർ ഓഫ് ചെയ്യാനുള്ള അനുമതി ഡോക്ടർമാർ ഭാര്യയോട് ചോദിക്കുകയും ചെയ്തു. ഇതേത്തുടർന്ന് അബോധാവസ്ഥയിലായ ഭാര്യ ഹരിതയേയും ഇപ്പോൾ കിങ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൃപ്പൂണിത്തുറ പാവക്കുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ.ജി നാരായണൻ നായരുടേയും ശാന്തകുമാരിയുടേയും മകനാണ് ആനന്ദ്. നാട്ടിൽ പ്രായമായ അച്ഛനും ഹാർട്ട് അറ്റാക്ക് കഴിഞ്ഞ് വിശ്രമിക്കുന്ന അമ്മയും ഒരു സഹോദരിയും മാത്രമാണ് ആനന്ദിനുള്ളത്.
ആധുനിക അലോപ്പതി ഇംഗ്ലീഷ് മരുന്നുകൾ പോലും നിഷ്ഫലമാകുന്ന കൊറോണ വൈറസും അതുണ്ടാക്കുന്ന കോവിഡ് രോഗവും ഇപ്പോഴും വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ച് നിലകൊള്ളുന്നു. ഈ സാഹചര്യത്തിൽ അണുബാധ വന്നാൽ ആയുർവ്വേദ മരുന്നുകൾ പരീക്ഷിച്ച് സമയം കളയരുതെന്നും എത്രയുംവേഗം ചികിത്സതേടണമെന്നും വിദഗ്ദ്ധ ഡോക്ടർമാർ ഉപദേശിക്കുന്നു.
പുതുവർഷം കടന്നുവന്നതുതന്നെ ലണ്ടനിലെ സൈക്കോളജി ഡോക്ടർ വിദ്യാർത്ഥിയായ സ്റ്റെനി എലിസബത്ത് ഷാജിയുടെ അകാല മരണവർത്തയുമായാണ്. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിലെ എംഎസ് സി സൈക്കോളജി വിദ്യാർഥിനി കഴിഞ്ഞവർഷമാണ് സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയത്.
പനിയും ചുമയും മൂലം ഒരാഴ്ച മുൻപ് സ്റ്റെനി ജിപിയുടെ അടുത്ത് ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽ അഡ്മിറ്റായില്ലെങ്കിലും സ്റ്റെനിയുടെ ശാരീരിക അസ്വസ്ഥതകൾ പൂർണ്ണമായും വിട്ടുമാറിയിരുന്നില്ല. പുതുവത്സര ദിനം രാത്രിയോടെ അസുഖം മൂർച്ഛിക്കുകയും തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. എന്നാൽ വിദഗ്ദ ചികിത്സയ്ക്ക് ബാർനെറ്റ് റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. തുടർന്ന് പാരാമെഡിക്കലുകളുടെ സഹായത്തോടെ ബാർനെറ്റിലെ എമർജൻസി വിഭാഗത്തിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്തനംതിട്ട സ്വദേശിയായ ഷാജി വർഗീസിന്റെ മകളാണ് 27 വയസ്സുള്ള സ്റ്റെനി.
ചങ്ങനാശേരി സ്വദേശി അയർലൻഡിലെ കൗണ്ടി കാവനിൽ മരണപ്പെട്ട അയര്‍ലൻഡിലെ ആദ്യ കാല മലയാളികളിൽ ഒരാളായ സാജൻ പടനിലം (ദേവസ്യ ചെറിയാൻ–49) ആണ് മൂന്നാമത് വേർപിരിഞ്ഞത്.
കാൻസർ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാവൻ ജനറൽ ആശുപത്രി ജീവനക്കാരൻ ആയിരുന്ന സാജൻ, ഏതാനും വര്‍ഷംമുമ്പാണ് കുടുംബവുമൊത്ത് കാവനിലേയ്ക്ക് താമസം മാറ്റിയത്.
നേരത്തെ കോര്‍ക്കില്‍ താമസിച്ചിരുന്ന സാജന്, കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്റെ സ്ഥാപകാംഗവും ഭാരവാഹിയുമായിരുന്നു. കോര്‍ക്കിലെ ഷെയറിങ് കെയറിന്റെ ആദ്യ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചങ്ങനാശേരി ചെത്തിപ്പുഴ പടനിലം ചെറിയാന്റെയും പരേതയായ മേരിക്കുട്ടി ചെറിയന്റെയും മകനാണ്. ഭാര്യ: സ്മിത രാജു. ഏക മകൻ സിറോൺ. സഹോദരങ്ങള്‍: സൈജു (യു.കെ),സനുമോള്‍. (ഓസ്ട്രേലിയ).സംസ്കാരം കാവനില്‍ തന്നെ നടത്തുമെന്നാണ് പ്രാഥമിക വിവരം.
ലണ്ടനിലെ നരേന്ദ്രന് രാമകൃഷ്ണനാണ് എഡിൻബർഗിലെ മലയാളി വിദ്യാർത്ഥിനി സാന്ദ്രയ്ക്കുശേഷം കാണാതാകുന്ന മറ്റൊരു മലയാളി. മൂന്നാഴ്ചയിലേറെയായി ഇദ്ദേഹത്തെ കാണ്മാനില്ലെന്ന് പോലീസിൽ പരാതി ലഭിച്ചു.ഡിസംബര്‍ എട്ടാം തീയതി മുതല്‍ കാണ്മാനില്ലെന്നാണ് കുടുംബം പറയുന്നത്. കെന്റിലെ ഡോവറിനടുത്താണ് അവസാനമായി നരേന്ദ്രനെ കണ്ടത്.
2024 സെപ്റ്റംബര്‍ വരെ ലണ്ടനിലെ ജെപി മോര്‍ഗനില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി ജോലി ചെയ്തിരുന്ന രാമകൃഷ്ണനെ പുതിയ ജോലി അന്വേഷിക്കുന്നതിനിടെയാണ് കാണാതായത്.
നരേന്ദ്രന് കുടുംബപരമായ ചില പ്രശ്നങ്ങള്‍ ഉള്ളതായും പറയുന്നു. വിവരം അറിയിക്കാൻ യുഎഇയില്‍ താമസിക്കുന്ന സഹോദരന് രാമകൃഷ്ണനെ കണ്ടെത്താനായി പൊതുജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
നരേന്ദ്രന്റെ യുകെയിലെ സുഹൃത്താണ് പോലീസ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. എങ്കിലും ഇതുവരെയും മറ്റു സൂചനകളൊന്നും ലഭിച്ചിട്ടില്ല.
നരേന്ദ്രന് രാമകൃഷ്ണനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 116000 എന്ന രഹസ്യ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാനും പോലീസ് ആവശ്യപ്പെടുന്നു.