തൃശൂര്‍: പലതരം ആചാരങ്ങളും അുഷ്ഠാനങ്ങളും ഉള്ള നിരവധി ക്ഷേത്രങ്ങള്‍ കേരളത്തില്‍ ഉണ്ട്. ഓരോ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അതിന്റേതായ രീതികളും ഉണ്ട്. ഇപ്പോഴിതാ കേരളത്തിലെ ക്ഷേത്രത്തില്‍ നടന്ന ഒരു ചടങ്ങ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ്.
36,008 നാളികേരമെറിഞ്ഞുള്ള വേട്ടേക്കരന്‍ പാട്ട് ചടങ്ങാണ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുന്നത്. കേരളത്തിലെ ക്ഷേത്രാചാര ചടങ്ങുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം. കുന്നംകുളം കക്കാട് മഹാഗണപതി ക്ഷേത്രത്തിലാണ് ചടങ്ങുകള്‍ നടന്നത്. ലോക ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നാളികേരം എറിഞ്ഞുടയ്ക്കുന്ന ചടങ്ങ് നടക്കുന്നത്.
36,008 നാളികേരം എറിഞ്ഞതിന് ടൈം വേള്‍ഡ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും അധികൃതര്‍ കൈമാറി. രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷമാണ് പാട്ടിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായത്. 10.30ന് ഭക്ത ജനങ്ങള്‍ നാളികേരം എണ്ണി കൂട്ടി. വൈകീട്ട് 6 30ന് മുല്ലക്കല്‍ പാട്ടിന് എഴുന്നള്ളിച്ച് രാത്രി 10 മണിയോടു കൂടി നാളികേരം എറിയാന്‍ ആരംഭിച്ചു.
എട്ടര മണിക്കൂര്‍ സമയമെടുത്ത് രാവിലെ 6.30ന് നാളികേരം എറിയല്‍ അവസാനിച്ചു. ശേഷം ചടങ്ങുകള്‍ പൂര്‍ത്തിയാക്കി കൂറ വലിച്ച് വേട്ടേക്കരന്‍ പാട്ട് പൂര്‍ത്തീകരിച്ചു. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപുള്ളി, ട്രഷറര്‍ ഭാസ്‌കര കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.