റുമേയ്‌സാ ഗെല്‍ഗി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയെന്ന ബഹുമതി സ്വന്തമാക്കിയ ആളാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ പേര് ചേര്‍ത്തപ്പെട്ട വ്യക്തി കൂടിയാണ് റുമേയ്‌സാ ഗെല്‍ഗി.
ഇവരുടെ ഉയരം ഏഴ് അടി ഏഴ് ഇഞ്ച് ആണ്. എല്ലാവരും ശ്രദ്ധിക്കപ്പെടുന്ന എല്ലാവരാലും ഏറെ പരാമര്‍ശിക്കപ്പെടുന്ന യുവതി കൂടിയാണ് റുമേയ്‌സാ ഗെല്‍ഗി. എന്നാല്‍ ഈ പ്രശസ്തിക്ക് ഇടയില്‍ ഇവര്‍ക്കുള്ള ബുദ്ധമുട്ടുകളെ കുറിച്ചും അറിയേണ്ടതുണ്ട്.
വീവെര്‍ സിന്‍ഡ്രോം ബാധിതയാണ് ഗെല്‍ഗി. അത് തന്നെയാണ് അവരുടെ ഈ അസാധാരണമായ ഉയരത്തിന് കാരണവും. ഈ ഉയരം കാരണമായതിനാല്‍ തന്നെ ഇവര്‍ക്ക് വിമാനത്തില്‍ നമ്മെപ്പോലെ ഇരുന്ന് യാത്ര ചെയ്യാനാവില്ല. ഗെല്‍ഗിയുടെ ഒരു വിമാനയാത്രയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
അടുത്തിടെ യുകെ, യുഎസ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഗെല്‍ഗിക്ക് ഒരുക്കി കൊടുത്തത് ടര്‍ക്കിഷ് എയര്‍ലൈന്‍സ് ആണ്. എങ്ങനെയാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ് തന്റെ യാത്ര മനോഹരമാക്കിയത് എന്നതിനെ കുറിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പങ്കുവച്ച വീഡിയോയില്‍ ഗെല്‍ഗി പറയുന്നത് കാണാം.
ഇരുന്ന് യാത്ര ചെയ്യാനാവാത്ത ഗെല്‍ഗി യാത്ര ചെയ്തത് ഇങ്ങനെയായിരുന്നു. സീറ്റുകള്‍ മാറ്റി അതിന് പകരം ഒരു സ്ട്രക്ചറില്‍ കിടന്നുകൊണ്ടായിരുന്നു ഗെല്‍ഗിയുടെ യാത്ര. ഗെല്‍ഗി സ്‌ട്രെക്ചറില്‍ കിടക്കുന്നതും അവളെ എയര്‍ലൈന്‍സ് ജീവനക്കാര്‍ വിമാനത്തിനകത്തേക്ക് കയറാന്‍ സഹായിക്കുന്നതും ഒക്കെ വീഡിയോയില്‍ കാണാം.
എങ്ങനെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത യാത്ര ചെയ്യുന്നതും അവളുടെ സുഹൃത്തുക്കളെ കാണുന്നതും എന്നും വീഡിയോയുടെ കാപ്ഷനില്‍ കുറിച്ചിട്ടുണ്ട്. സ്‌കോളിയോസിസ് എന്ന അവസ്ഥ കാരണം അവള്‍ക്ക് നേരെ ഇരിക്കാന്‍ പ്രയാസമാണ്. നട്ടെല്ലിനുണ്ടാകുന്ന വശത്തിലേക്കുള്ള വളവാണ് സ്‌കോളിയോസിസ്. തന്റെ നട്ടെല്ലില്‍ 2 നീളമുള്ള കമ്പികളും 30 സ്‌ക്രൂകളും ഉണ്ടെന്നും അതും തന്നെ ഇരിക്കുന്നതില്‍ നിന്നും തടയുന്നു എന്നും ഗെല്‍ഗി പറയുന്നു.
വിമാനത്തില്‍ സ്‌ട്രെക്ചറില്‍ കിടന്നുകൊണ്ടുള്ള ഗെല്‍ഗിയുടെ യാത്ര വളരെ ആശ്വാസകരമായിരുന്നു എന്നും അതിനുവേണ്ടി വിമാനത്തിലെ ജീവനക്കാര്‍ അവള്‍ക്കൊപ്പം തന്നെയുണ്ടായിരുന്നു എന്നും വീഡിയോ കാണുമ്പോള്‍ മനസിലാവും. നിരവധിപ്പേരാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പങ്കുവച്ച വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.