എത്ര ശ്രമിച്ചിട്ടും പുകവലി ഉപേക്ഷിക്കാന്‍ സാധിക്കുന്നില്ലേ? എ്‌നാല്‍ ഇനി നിങ്ങളെ സ്മാര്‍ട്ട്‌ഫോണ്‍ സഹായിക്കും. പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനമാകുന്ന സ്മാര്‍ട്ട്വാച്ച് ആപ്ലിക്കേഷനെ കുറിച്ച് Presenting and Evaluating a Smartwatch-Based Intervention for Smoking Relapse (StopWatch): Feasibility and Acceptability Study എന്ന പഠനത്തിലാണ് പറയുന്നത്.
പുകവലിക്കുന്നയാളുകള്‍ക്ക് അതില്‍ നിന്ന് മാറാന്‍ സ്മാര്‍ട്ട്വാച്ചില്‍ തത്സമയ സൂചനകളും വിവരങ്ങളും നല്‍കും. ജെഎംഐആര്‍ ഫോര്‍മേറ്റീവ് റിസര്‍ച്ചാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്. ഇത്തരത്തിലാണ് ഒരു ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
പുകവലിക്കുന്നയാളുകളുടെ കൈയുടെയും വിരലുകളുടെയും ചലനം തിരിച്ചറിഞ്ഞ് അയാള്‍ പുകവലിക്കാനായി സിഗരറ്റ് കയ്യിലെടുത്തോ എന്ന് മനസിലാക്കുകയാണ് സ്മാര്‍ട്ട്വാച്ചിലെ ഈ മോഷന്‍ സെന്‍സര്‍ സോഫ്റ്റ്വെയര്‍ ചെയ്യുക. ഓരോ തവണ ഇക്കാര്യം കണ്ടെത്തുമ്പോഴും ആളുടെ സ്മാര്‍ട്ട്വാച്ച് സ്‌ക്രീനില്‍ അലര്‍ട്ട് സന്ദേശം തെളിയുകയും വൈബ്രേഷനുണ്ടാവുകയും ചെയ്യും. ഇതെല്ലാം ഒരാളെ പുകവലിക്കാനുള്ള ആ തീരമാനത്തില്‍ നിന്നും പിന്‍മാറാന്‍ സഹായിക്കുന്നു.
ദിവസവും പുകവലിക്കാറുള്ള, പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന 18 പേരില്‍ ഈ സാങ്കേതികവിദ്യ പരീക്ഷിച്ച് വിജയിച്ചതായി ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. പഠനത്തിന് വിധേയമായവര്‍ രണ്ടാഴ്ചക്കാലം എല്ലാ ദിവസവും സ്മാര്‍ട്ട്വാച്ച് കയ്യില്‍ ധരിച്ചു. സ്മാര്‍ട്ട്വാച്ചിലെ മോഷന്‍ സെന്‍സറുകള്‍ വഴി പുകവലിക്കുന്നവരുടെ കൈയുടെ ചലനങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന അല്‍ഗോരിതം ഇവരില്‍ പരീക്ഷിച്ചു. സ്റ്റോപ്പ് വാച്ച് സിസ്റ്റത്തിലെ വിശകലനം ചെയ്യുന്നതിന് ആക്‌സിലറോമീറ്ററും ഗൈറോസ്‌കോപ്പും ഉപയോഗിക്കുന്നു. പുകവലിക്കാനായി ശ്രമിക്കുമ്പോള്‍ പഠനത്തില്‍ പങ്കെടുത്തവര്‍ക്ക് തത്സമയ മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിച്ചു. പഠനത്തില്‍ പങ്കെടുത്തവര്‍ ഗവേഷകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികള്‍ ആരോഗ്യമേഖലയ്ക്ക് ആശാവഹമാണ് എന്ന് പഠനത്തില്‍ പറയുന്നു.