വാഷിങ്ടണ്‍: ഹമാസിന് മുന്നറിയിപ്പുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേലില്‍ നിന്നും ബന്ദികളാക്കിയ മുഴുവന്‍ ആളുകളെയും ജനുവരി 20 ന് മുമ്പ് വിട്ടയക്കണമെന്നാണ് ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത് ജനുവരി 20നാണ്. അതിന് മുമ്പ് ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ആളുകളെയും വിട്ടയക്കണമെന്നും അല്ലെങ്കില്‍ മധ്യപൂര്‍വേഷ്യയില്‍ തീമഴ പെയ്യുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.
''ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പൂര്‍ണമായും നശിപ്പിക്കും. നിങ്ങളുടെ അനുരഞ്ജനശ്രമങ്ങളില്‍ ഇടപെടണമെന്നു ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അധികാരത്തില്‍ കയറുന്നതിനുമുന്‍പു ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കില്‍ മധ്യപൂര്‍വേഷ്യയില്‍ തീമഴ പെയ്യും. ഇതു ഹമാസിനു ഗുണം ചെയ്യില്ല. ആര്‍ക്കും ഗുണം ചെയ്യില്ല. ഇതില്‍ക്കൂടുതല്‍ ഞാന്‍ പറയുന്നില്ല. അവരെ നേരത്തേതന്നെ വിട്ടയയ്‌ക്കേണ്ടതായിരുന്നു. അവരെ ബന്ദികളാക്കാനേ പാടില്ലായിരുന്നു. ഒക്ടോബര്‍ ഏഴിന് ആക്രമണം നടത്താനേ പാടില്ലായിരുന്നു''- ട്രംപ് പറഞ്ഞു.
ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണു നില്‍ക്കുന്നതെന്നു മധ്യപൂര്‍വേഷ്യയിലേക്കുള്ള ട്രംപിന്റെ പ്രത്യേക ദൂതന്‍ ചാള്‍സ് വിറ്റ്കോഫ് പറഞ്ഞു. ''എന്താണ് വൈകുന്നതെന്ന് ഇപ്പോള്‍ ഞാന്‍ പറയുന്നില്ല. ട്രംപ് മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ പ്രകാരം ഈ അനുരഞ്ജനം നല്ലരീതിയില്‍ മുന്നോട്ടുപോകുന്നു. നാളെ വീണ്ടും ദോഹയിലേക്കു പോകുകയാണ്. ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ മികച്ച ഒരു വാര്‍ത്ത പറയാനുണ്ടാകും'' - വിറ്റ്‌കോഫ് പറഞ്ഞു.