ഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് സ്മാരകം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്ഘട്ടിനോട് അടുത്തായി സ്മാരകം നിര്‍മ്മിക്കും എന്നാണ് പുറത്ത് വരുന്ന വിവരം. പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കുടുംബത്തെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.
സ്മാരകം നിര്‍മിക്കാന്‍ തീരുമാനമെടുത്ത മോദി സര്‍ക്കാരിന് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ നന്ദി അറിയിച്ചു. 'പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. സ്മാരകം നിര്‍മിക്കാനുള്ള തീരുമാനത്തിന് ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിച്ചു'.
ഇതേ കുറിച്ച് അദ്ദേഹത്തിന്റെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി എക്‌സില്‍ കുറിച്ചത് ഇങ്ങനെ:
'രാജ്യ ബഹുമതികള്‍ ആവശ്യപ്പെടരുത്, അത് നല്‍കണം എന്ന് ബാബ പറയാറുണ്ടായിരുന്നു. ബാബയുടെ സ്മരണയെ മാനിക്കാന്‍ പ്രധാനമന്ത്രി മോദി ഇത് ചെയ്തതില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്. ഇത് ബാബയെ ബാധിക്കുന്നില്ല- അദ്ദേഹം ഇപ്പോള്‍ ഇരിക്കുന്നിടത്ത് - അത് അഭിനന്ദിക്കുന്നതിനും അപ്പുറം. എന്നാല്‍ അദ്ദേഹത്തിന്റെ മകളെ സംബന്ധിച്ചിടത്തോളം എന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകള്‍ പര്യാപ്തമല്ല,' അവര്‍ എക്‌സിലെ മറ്റൊരു പോസ്റ്റില്‍ പറഞ്ഞു.
2012 മുതല്‍ 2017 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജി. അദ്ദേഹത്തിന് രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ചിട്ടുണ്ട്. 2020 ലാണ് പ്രണബ് അന്തരിച്ചത്.