യുകെ മലയാളികൾ ക്രിസ്‌മസ്സ് ആഘോഷത്തിൽ മുഴുകിയിരിക്കെ ബോക്‌സിങ് ഡേയാണ് നോട്ടിംഹാമിലെ ദീപക് ബാബുവിന്റെ ആകസ്‌മിക വേർപാടിന്റെ വാർത്തയെത്തിയത്. മലയാളി അസ്സോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കൊല്ലം സ്വദേശിയായ 39 വയസ്സുള്ള യുവാവ് വളരെ ചുരുങ്ങിയ കാലംകൊണ്ട് നോട്ടിംഹാമിലെ എല്ലാവർക്കും പ്രിയങ്കരനായി മാറിയിരുന്നു.
നോട്ടിങ്ഹാം ഗെഡ്ലിങ് ക്രീമറ്റോറിയത്തിൽ (NG4 4QH) ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെയാണ് പൊതുദർശനം നടന്നത്. ദീപക്കിനെ പരിചയമുള്ളവർ യുകെയുടെ വിവിധഭാഗങ്ങളിൽ നിന്നെത്തി അന്ത്യാഞ്ജലികൾ അർപ്പിച്ചു.
പൊതുദർശനത്തിനു ശേഷം ദീപകിന്‍റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് അയക്കും. മൃതദേഹത്തെ നോട്ടിങ്ഹാമിലുള്ള ഉറ്റ സുഹൃത്ത് ജെസിൻ ജേക്കബ് അനുഗമിക്കും. ദീപകിന്‍റെ മരണത്തിനുശേഷം ഭാര്യയും മകനും ജനുവരി 1ന് നാട്ടിലേക്ക് യാത്ര തിരിച്ചിരുന്നു. ഇരുവരെയും ദീപകിന്‍റെ ഉറ്റ സുഹൃത്ത് മുഹമ്മദ് ഹിലാനി അനുഗമിച്ചിരുന്നു.
ദീപക് ബാബുവിന്റെ മൃതദേഹം ഏറ്റുവാങ്ങി ഈ മാസം 11ന് കൊല്ലത്തെ മാങ്ങാടുള്ള വീട്ടുവളപ്പിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ക്രിസ്മസ്സ് പിറ്റേന്ന് ബോക്‌സിങ് ഡേയിൽ നോട്ടിങ്ഹാമിലെ വീട്ടിൽ വച്ച് കുഴഞ്ഞുവീണ ദീപക് ബാബു സിറ്റി ഹോസ്പിറ്റലിലാണ് അഡ്‌മിറ്റ് ചെയ്‌തത്. അധികം വൈകാതെ വിടപറയുകയായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു മരണം.
രണ്ടു വർഷം മുൻപാണ് ഭാര്യ നീതുവും എട്ടു വയസ്സുകാരനായ ഏക മകൻ ഭക്ഷിത് (കേശു) എന്നിവരോടൊപ്പം ദീപക്, നോട്ടിങ്ഹാമിലേക്ക് കുടിയേറിയത്.
യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിൽ ഒന്നായ നോട്ടിങ്ഹാം മുദ്ര ആർട്സിന്‍റെ ട്രഷറർ, സേവനം യുകെയുടെ മെമ്പർ എന്നീ നിലകളിൽ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു.
ഭാര്യ നീതുവിനോടും മകൻ എട്ട് വയസ്സുകാരൻ ദക്ഷിതിനോടുമൊപ്പം 2022 - ലാണ് കൊല്ലം ജില്ലയിലെ മങ്ങാട്, അറുനൂറ്റിമംഗലം സ്വദേശിയായ ദീപക് ബാബു യുകെയിൽ എത്തിച്ചേർന്നത്. ദിനേഷ് ബാബു എന്നിവർ സഹോദരങ്ങളാണ്.
ദീപകിന്‍റെ ആകസ്മിക വേർപാടിൽ കുടുംബത്തിന് സാന്ത്വനമായി യുക്മ ചാരിറ്റി ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ മുദ്ര ആർട്സ്, നോട്ടിങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ, സേവനം യുകെ എന്നീ സംഘടനകളുടെ സഹകരണത്തോടെ ഫണ്ട് ശേഖരണം നടത്തി.
വളരെ വേഗത്തിൽ 27,368 പൗണ്ട് ശേഖരിച്ച് ദീപകിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് കൈമാറി. ഇതിൽ നിന്ന് ഗോ ഫണ്ട് പ്ലാറ്റ്ഫോം ഫീസ് കുറയുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. യുക്മയുടെ ഫണ്ട് സമാഹരണത്തോട് സഹകരിച്ച എല്ലാ സുമനസുകൾക്കും നന്ദി പറയുന്നതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.