ലോസ് ആഞ്ജലിസ്: അമേരിക്കയിലെ ലോസ് ആഞ്ജലിസില്‍ ഉണ്ടായ കാട്ടു തീയില്‍ നടുങ്ങിയിരിക്കുകയാണ് ജനം. കാലിഫോര്‍ണിയ സംസ്ഥാനത്തെ വിവിധ മേഖലകളെ തന്നെ വിഴുങ്ങിയ അസാധാരണ കാട്ടുതീ വിതച്ചത് വലിയ നാശം തന്നെയാണ്.
ഇന്നലെയോടെ ഉണ്ടായ ഈ സംഭവത്തെ മഹാ ദുരന്തമായി പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. മൊത്തം മുപ്പതിനായിരത്തോളം ഏക്കറാണ് കാട്ടുതീയില്‍ കത്തി നശിച്ചത്. സംഭവത്തില്‍ ഇതുവരെ അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന വിവരം. ആയിരത്തിലധികം കെട്ടിടങ്ങള്‍ കത്തിയമര്‍ന്നിട്ടുണ്ട്. ഒരു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇറ്റലിയിലേക്കുള്ള സന്ദര്‍ശനം നടത്താനിരിക്കുകയായിരുന്ന പ്രസിഡന്റ് ജോ ബൈഡന്‍ അത് റദ്ദാക്കി.
കാലിഫോര്‍ണിയയിലെ ആറിടത്താണ് തീ പടര്‍ന്ന് പിടിച്ചത്. സാന്റാമോണിക്കയ്ക്കും മാലിബുവിനും ഇടയില്‍ പാലിസാഡസ് തീപ്പിടുത്തം. 15,832 ഏക്കറോളമാണ് ഇവിടെ മാത്രം കത്തി നശിച്ചത്. തീ അണയ്ക്കാന്‍ കൂടുതല്‍ വെള്ളം ഉപയോഗിച്ചതോടെ ലോസ് ആഞ്ചല്‍സിലെ കുടിവെള്ള വിതരണവും പ്രതിസന്ധിയിലായിട്ടുണ്ട്.
ഹോളിവുഡ് താരങ്ങള്‍ താമസിക്കുന്ന പസഫിക് പാലിസേഡ്സിലാണ് കാട്ടു തീ രൂക്ഷമായി പടര്‍ന്നത്. മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണക്കമരങ്ങളുമാണ് തീ പെട്ടെന്ന് പടര്‍ന്നു പിടിക്കാന്‍ കാരണമായത് എന്ന് പറയപ്പെടുന്നത്.