വിവരസാങ്കേതികവിദ്യ ഓരോ മനുഷ്യന്റെയും സ്വകാര്യതയിലേക്ക് വരെ കടന്നു വന്നുകൊണ്ടിരിക്കുകയാണ്. ചില സന്ദര്‍ഭങ്ങള്‍ സത്യമേതെന്ന കാര്യം വരെ സംശയിച്ച് പോകും. ആ ശ്രേണിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഡീപ് ഫേക്ക്.
ഏറെ അപകടകാരിയായ ഒന്നായി തന്നെ ലോകം കണക്കാക്കുന്ന ഒന്നാണ് ഡീപ് ഫേക്ക്. ഫേക്ക് വീഡിയോകളും ചിത്രങ്ങളും ഓഡിയോകളും നിര്‍മിക്കുക എന്നതാണ് ഡീപ് ഫേക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഇനി ഇത്തരത്തില്‍ ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവെക്കുന്നതും ക്രിമിനല്‍ കുറ്റകൃത്യമാകുകയാണ് യുകെയില്‍.
2015 മുതല്‍ തന്നെ ബ്രിട്ടണില്‍ മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് ക്രിമനല്‍ കുറ്റമാണ്. റിവഞ്ച് പോണ്‍ എന്ന് വിളിക്കുന്ന ഇത്തരം കുറ്റകൃത്യത്തില്‍ ഡീപ് ഫേക്ക് ഉള്‍പ്പെട്ടിരുന്നില്ല.
2017 ന് ശേഷം ഡീപ്പ് ഫേക്ക് ഉപയോഗിച്ച് നഗ്ന ചിത്രങ്ങളും വീഡിയോകളും നിര്‍മിക്കുന്നതില്‍ 400 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് യുകെ ആസ്ഥാനമായുള്ള റിവഞ്ച് പോണ്‍ ഹെല്‍പ്പ് ലൈനിന്റെ റിപ്പോര്‍ട്ട് പറയുന്നത്.
ഡീപ്പ് ഫേക്ക് ഉപയോഗിച്ച് നിര്‍മിക്കുന്ന ഇത്തരം ചിത്രങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവെക്കുന്നതും പുതിയ നിയമം നിലവില്‍ വരുന്നതോടെ ക്രിമിനല്‍ കുറ്റകൃത്യമാകകയും അതിനനുസൃതമായി നിയമ നടപടികള്‍ നേരിടേണ്ടി വരികയും ചെയ്യും.