ലേബർ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഏറ്റവുമധികം ജനസമ്മതി നേടിയ പ്രഖ്യാപനമായിരുന്നു നഴ്‌സുമാരും ടീച്ചർമാരും സർക്കാർ ജീവനക്കാരും അടക്കമുള്ള പൊതുമേഖലാ ജീവനക്കാർക്ക്, അവർ ആവശ്യപ്പെട്ട നിരക്കിലുള്ള വേതനവർദ്ധനവ്.
എന്നാൽ പെട്ടെന്നുള്ള വേതന വർദ്ധനവ് നടപ്പാക്കലിൽ നിന്ന് പിൻവാങ്ങിയും ജീവനക്കാരുടെ പെൻഷൻ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികൾ അവതരിപ്പിച്ചുമുള്ള സർക്കാർ നീക്കം, വിവിധ തൊഴിലാളി ട്രേഡ് യൂണിയനുകളിൽ നിന്ന് വ്യാപകമായ പ്രതിഷേധം വിളിച്ചുവരുത്തുന്നു.
പുതിയ സർക്കാർ നീക്കമനുസരിച്ച് പൊതുമേഖലാ തൊഴിലാളികൾക്ക് കുറഞ്ഞ ഉയർന്ന ശമ്പളത്തിനുപകരമായി കുറഞ്ഞ പെൻഷനുകൾ വാഗ്ദാനം ചെയ്തേക്കുമെന്ന് പുറത്തുവരുന്ന റിപ്പോർട്ടിൽ പറയുന്നു.
ലേബർ പ്രഖ്യാപനമനുസരിച്ച് അധ്യാപകർ, നഴ്സുമാർ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് ഇപ്പോൾ അവരുടെ ശമ്പള പാക്കേജുകളിൽ ആയിരക്കണക്കിന് പൗണ്ട് കൂടുതൽ ലഭിക്കും; പക്ഷേ പകരമായി അവരുടെ പെൻഷനുകൾ വെട്ടിക്കുറയ്ക്കും. അതാണ് പ്രതിഷേധ കാരണം.
ജൂലൈയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ദശലക്ഷക്കണക്കിന് പൊതുമേഖലാ തൊഴിലാളികൾക്ക് 4.75 ശതമാനം മുതൽ 6 ശതമാനം വരെ ശമ്പള വർദ്ധനവ് ലേബർ വാഗ്ദാനം ചെയ്തു.
എന്നാൽ നികുതിദായകരുടെ മേൽ കൂടുതൽ ചിലവ് അടിച്ചേൽപിക്കാതെ, വേതന പ്രശ്നങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പെൻഷൻ വെട്ടിക്കുറയ്ക്കൽ പരിഗണിക്കുന്നതെന്ന് സർക്കാർ പറയുന്നു.
വേതന നിലവാരത്തെച്ചൊല്ലി ട്രേഡ് യൂണിയനുകളും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കിടയിൽ എൻഎച്ച്എസിലും സ്കൂളുകളിലും മുൻ വർഷങ്ങളിൽ നിരവധി നഴ്‌സുമാരുടേത് അടക്കം നിരവധി സ്റ്റാഫ് പണിമുടക്കുകൾ നടന്നിരുന്നു.
എന്നാൽ അടുത്ത വർഷത്തേക്ക് കുറഞ്ഞ വേതന വർദ്ധനവായ 2.8 ശതമാനം നൽകാമെന്നാണ് ഇപ്പോൾ സർക്കാരിന്റെ നിലപാട്. ഇത് തിരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാനത്തിൽ നിന്നുള്ള മലക്കംമറിച്ചിലാണെന്ന് യൂണിയനുകൾ ആരോപിക്കുന്നു. അതുകൊണ്ടുതന്നെ സമര നടപടിയുടെ പുതിയ ഭീഷണികൾ യൂണിയനുകൾ ഉയർത്തുന്നു.
“ഒരു സിവിൽ സർവീസുകാരന്റെ ശമ്പളം 1,000 പൗണ്ട് വർദ്ധിപ്പിച്ചാൽ അവരുടെ പെൻഷന്റെ മൊത്തം മൂല്യം 1,000 പൗണ്ടിൽ കൂടുതൽ കുറയ്ക്കാൻ കഴിയും’ മുൻ കാബിനറ്റ് സെക്രട്ടറി ലോർഡ് ഓ ഡൊണെൽ പറഞ്ഞു. വേതനം കൂടുതൽ കിട്ടുമ്പോൾ, പെൻഷനിൽ അതിന്റെ ഇരട്ടിയോളം കുറവ് വന്നേക്കാം.
ഇക്കാര്യത്തിൽ പൊതുമേഖലാ തൊഴിലാളികളുടെ ശമ്പളവും പെൻഷനും തമ്മിൽ ശരിയായ ബാലൻസ് ഉണ്ടോ എന്നതിനെക്കുറിച്ച് തീർച്ചയായും ചർച്ചയും പഠനവും നടക്കേണ്ടതുണ്ടെന്ന് മുൻ പെൻഷൻ മന്ത്രി സർ സ്റ്റീവ് വെബ് പറഞ്ഞു.
നിലവിൽ കൗൺസിൽ നികുതിയിൽ സമാഹരിക്കുന്ന ഓരോ 4 പൗണ്ടിലും ഏകദേശം 1 പൗണ്ട് ഇപ്പോൾ പ്രാദേശിക അധികൃതർ സ്റ്റാഫ് പെൻഷനുകൾക്കായി ചെലവഴിക്കുന്നുവെന്ന് സമീപകാല വിശകലന പഠനങ്ങൾ ളിയിക്കുന്നു.
പ്രഖ്യാപങ്ങളിൽ നിന്നുള്ള പിൻമാറ്റവുമായി സർക്കാർ മുന്നോട്ടുപോയാൽ, നഴ്‌സുമാർ അടക്കമുള്ള പൊതുമേഖലാ ജീവനക്കാരും യൂണിയനുകളും അധികം വൈകാതെ വീണ്ടും സമരവുമായി തെരുവുകളിൽ ഇറങ്ങേണ്ടി വന്നേക്കാം. എൻഎച്ച്എസ് ആശുപത്രികൾ അടക്കമുള്ള സ്ഥാപനങ്ങൾ സമരത്തെ തുടർന്ന് കൂടുതൽ പ്രതിസന്ധിയിലും ആയേക്കാം.