മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജിയണിന് കീഴില്‍, ഗ്രേറ്റ് ബ്രിട്ടന്റെ സാംസ്‌കാരിക- വിദ്യാഭ്യാസ സിരാകേന്ദ്രമായ കേംബ്രിഡ്ജ് കേന്ദ്രമാക്കി വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്റെ നാമത്തില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭാഗങ്ങള്‍ക്കായി പുതിയ മിഷന്‍, സഭയുടെ തലവനും പിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ അനുവദിച്ചു. ജനുവരി നാലിന് ശനിയാഴ്ച രാവിലെ 11ന് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഇടവകയുടെ നാമകരണവും ഔര്‍ ലേഡി ഓഫ് ലൂര്‍ദ്സ് റോമന്‍ കാത്തലിക് ചര്‍ച്ചില്‍ വച്ച് നടത്തപ്പെട്ടു.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജിയണല്‍ കോര്‍ഡിനേറ്റര്‍ ആയ ഫാ. ഡോ.കുര്യാക്കോസ് തടത്തില്‍ പ്രഥമ വി.കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. മിഷന്‍ സ്ഥാപനം സംബന്ധിച്ച 'Decree of Establishment of Mission' കുര്‍ബാന മധ്യേ വായിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം കേംബ്രിഡ്ജ് മേയര്‍ ബൈജു തിട്ടാല ഉദ്ഘാടനം ചെയ്തു.
പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. കുര്യാക്കോസ് തിരുവാലില്‍ സ്വാഗത ആശംസിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ യുകെ നാഷണല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റോണി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി.
ഫാ. ജോണ്‍ അലുവിള സന്നിഹിതനായിരുന്നു. പ്രദീപ് മാത്യു നന്ദി അര്‍പ്പിച്ചു. കേംബ്രിഡ്ജ് ഉള്‍പ്പെടെ 23 മിഷനുകളാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് യുകെയില്‍ ഉള്ളത്.