ഭക്ഷണ സാധനങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടതും എന്നാല്‍ വിലപിടിപ്പുള്ളതുമായ ഒന്നാണ് ചീസ്. എന്നാല്‍ ഏറ്റവും വിലപിടിപ്പുള്ള ചീസിനെ കുറിച്ച് അറിയോ?
പാലില്‍ നിന്ന് ചീസ് ഉണ്ടാക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. പശുവിന്‍ പാല്‍, ആട്ടിന്‍ പാല്‍, എരുമ പാല്‍ എന്നിവയില്‍ നിന്നാണ് ചീസ് തയ്യാറാക്കുന്നത്. എന്നാല്‍, ലോകത്തിലെ ഏറ്റവും വില കൂടിയ ചീസ് ഉണ്ട്. ഇത് തയ്യാറാക്കുന്നത് പക്ഷേ, ഈ പാലുകളില്‍ നിന്നല്ല. ഇതിനെ കുറിച്ച് കേട്ടാല്‍ എല്ലാവരും ഞെട്ടും. പകരം കഴുതയുടെ പാലില്‍ നിന്നാണ് ഏറ്റവും വില കൂടിയ ഈ ചീസ് ഉണ്ടാക്കുന്നത്.
ഇതിന്റെ വില കേട്ടാലും നിങ്ങള്‍ ഞെട്ടിപോകും. കഴുതപ്പാലില്‍ നിന്നും തയ്യാറാക്കുന്ന ഈ 'പുലെ ചീസി'ന് പൊന്നിന്‍ വിലയാണ്. ബാല്‍കണ്‍ ഇനത്തിലെ കഴുതയുടെ പാലില്‍ നിന്നും തയ്യാറാക്കുന്ന ഈ ചീസിന് കിലോയ്ക്ക് 80,000 മുതല്‍ 82,000 രൂപ വരെയാണ് വില. സെര്‍ബിയയിലെ പ്രത്യേക പ്രകൃതി സംരക്ഷണ കേന്ദ്രമായ സസാവികയിലാണ് പുലെ ചീസ് തയ്യാറാക്കുന്നത്. വളരെ സൂക്ഷ്മമായും സമയമെടുത്തുമാണ് പുലെ ചീസ് തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇതിന് ഇത്രയും വില വരാന്‍ കാരണം.
60 ശതമാനം കഴുതപ്പാലും 40 ശതമാനം ആട്ടിന്‍പാലുമാണ് ഈ ചീസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഒരു കിലോ ചീസ് തയ്യാറാക്കാന്‍ മാത്രം, 25 ലിറ്റര്‍ കഴുതപ്പാലാണ് വേണ്ടി വരുക. എന്നാല്‍, ഒരു കഴുതയില്‍ നിന്നും 0.2 മുതല്‍ 0.3 ലിറ്റര്‍ പാല്‍ മാത്രമേ ലഭിക്കൂ. അതുകൊണ്ട് തന്നെ അല്‍പ്പം ചീസ് ഉണ്ടാക്കാന്‍ പോലും ഒരുപാട് കാലതാമസം വേണ്ടി വരുന്നു. ഇന്ത്യയില്‍ ഒരു ലിറ്റര്‍ കഴുതപ്പാല്‍ വാങ്ങണമെങ്കില്‍ 25,000 മുതല്‍ 30,000 വരെ നല്‍കേണ്ടി വരും.