ബെംഗളൂരുവിലെ ഒരു വിവാഹ മണ്ഡപത്തില്‍ നിന്നുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കാരണം മറ്റൊന്നുമല്ല വിവാഹത്തിന് വരാനെത്തിയത് മദ്യപിച്ചുകൊണ്ട്. ഇത് കണ്ടതിന് പിന്നാലെ വധുവിന്റെ അമ്മ വിവാഹം വേണ്ടെന്ന് വച്ചു.
'നിങ്ങളുടെ മകന്‍ ഇന്ന് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ നാളെ എന്റെ മകളുടെ ഭാവി എന്താകുമെന്ന്', വിവാഹ മണ്ഡപത്തില്‍ വച്ച് വധുവിന്റെ അമ്മ വരന്റെ മാതാപിതാക്കളോട് ചോദിച്ചു. പിന്നാലെ സദസിന് നേരെ കൈ കൂപ്പിക്കൊണ്ട് അവര്‍ വരനോടും കുടുംബത്തോടും താനും മകളും ഈ വിവാഹ ബന്ധത്തില്‍ നിന്നും പിന്മാറുകയാണെന്നും എല്ലാവരും പിരിഞ്ഞ് പോകണമെന്നും പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഈ സമയം, 'നിങ്ങള്‍ അകത്തേക്ക് ചെല്ലൂ'വെന്ന് ഒരാള്‍ വധുവിന്റെ അമ്മയെ നിര്‍ബന്ധിക്കുന്നതും വീഡിയോയില്‍ കാണാം.
വരനും സുഹൃത്തുക്കളും വിവാഹ മണ്ഡപത്തിലേക്ക് എത്തിയത് നന്നായി മദ്യപിച്ചിട്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യമാദ്യം ചില്ലറ പ്രശ്നങ്ങളുണ്ടാക്കിയെങ്കിലും അത് ആരും കാര്യമാക്കിയില്ല. എന്നാല്‍, വിവാഹ പന്തലില്‍ വച്ച് വരന്‍ താലി, ആരതി ഉഴിയാനായി വച്ചിരുന്ന പാത്രം വലിച്ചെറിഞ്ഞതോടെയാണ് വധുവിന്റെ അമ്മ പ്രകോപിതയായി വിവാഹ ബന്ധത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. നിരവധി പേര്‍ അമ്മയെ അഭിന്ദിച്ച് കൊണ്ട് രംഗത്തെത്തി. ഇത്തരമൊരു നീക്കം ആ നിമിഷം തന്നെ നടത്തിയത് കൊണ്ട് മകളുടെ ദുരിതം നിങ്ങള്‍ക്ക് കാണേണ്ടിവന്നില്ലെന്നായിരുന്നു ചിലര്‍ എഴുതിയത്. 'ലോകം എന്ത് പറയുമെന്നതിനെക്കുറിച്ച് ആശങ്കപ്പെടാതെ സ്വന്തം മക്കള്‍ക്കായി ഇന്ത്യന്‍ സ്ത്രീകള്‍ പരസ്യമായി നിലകൊള്ളുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. ഞങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ ആവശ്യമുണ്ട്' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.