ലൊസാഞ്ചലസ്: ലൊസാഞ്ചലസില്‍ ആളിപ്പടരുന്ന കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 16 ആയി. കനത്ത കാറ്റ് വീണ്ടും എത്തുംമുന്‍പ് തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ് അഗ്നിരക്ഷാസന. പാലിസെയ്ഡ്സില്‍ 5 പേരും ഈറ്റണില്‍ 11 പേരുമാണ് മരിച്ചത്. യഥാര്‍ഥ മരണസംഖ്യ ഇതിലും ഏറെയാണെന്നാണ് വിവരം. മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിനായി, പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചു തിരച്ചില്‍ തുടരുകയാണ്. നഗരത്തിലെ പ്രധാന സ്മാരകങ്ങളടക്കം ഭീഷണിയിലാണ്.
വരണ്ട കാറ്റ് കനക്കുന്നതോടെ വരുംദിവസങ്ങളില്‍ കാട്ടുതീ കൂടുതല്‍ പടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്നുമുതല്‍ കനത്ത കാറ്റുണ്ടായേക്കും. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗം കൈവരിച്ചേക്കാം. സാന്റാ അന കാറ്റ് വീണ്ടും വീശാനുള്ള സാധ്യത ജനങ്ങളെ ഭയപ്പെടുത്തുന്നു. ദേശീയ കാലാവസ്ഥാ സര്‍വീസ് ഇതേക്കുറിച്ചു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കാട്ടുതീയില്‍ നാശനഷ്ടം കൂടാനുള്ള കാരണം സാന്റാ അനയായിരുന്നു.
സ്‌കൂളുകളും വ്യവസായകേന്ദ്രങ്ങളുമടക്കം ചാമ്പലായി. ലൊസാഞ്ചലസിലെ മുപ്പത്തയ്യായിരത്തോളം വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വൈദ്യുതി എത്തിക്കാനായിട്ടില്ല. അഗ്നിരക്ഷാ പ്രവര്‍ത്തകരെന്ന വ്യാജേന എത്തുന്ന കവര്‍ച്ചക്കാരുടെ ശല്യവുമുണ്ട്. കാട്ടുതീ ഭീഷണിയുള്ള സ്ഥലങ്ങളില്‍നിന്നു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാന്‍ ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലൊസാഞ്ചലസിലെ കലിഫോര്‍ണിയ സര്‍വകലാശാലാ ക്യാംപസിലേക്കും കാട്ടുതീ വ്യാപിച്ചേക്കാമെന്ന് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.