പ്രകടനം മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. ഏകദേശം 3600 ജീവനക്കാരെ ആണ് മെറ്റ പിരിച്ചുവിടാനൊരുങ്ങുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് പകരം പുതിയ ആളുകളെ നിയമിക്കുമെന്ന് മെറ്റ വ്യക്തമാക്കിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം വാട്ട്‌സാപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള മെറ്റക്ക് കീഴിലുള്ള ആകെ ജീവനക്കാരുടെ അഞ്ച് ശതമാനത്തിനെയാണ് ഇത് ബാധിക്കുകയെന്ന് മെറ്റ എ.എഫ്.പിയോട് സ്ഥിരീകരിച്ചു. സെപ്തംബറിലെ കണക്കുകള്‍ പ്രകാരം 72400 ജീവനക്കാരാണ് മെറ്റയില്‍ ഏകദേശമുള്ളത്.
ഏറ്റവും മികച്ച ജീവനക്കാരാണ് തന്റെ കമ്പനിയിലുള്ളത് എന്ന് ഉറപ്പുവരുത്താനാണ് പ്രകടനം അടിസ്ഥാനപ്പെടുത്തിയുള്ള ഈ പിരിച്ചുവിടലെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയതായും എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കൂട്ടപ്പിരിച്ചുവിടലുകള്‍ കോര്‍പ്പറേറ്റ് സംസ്‌കാരത്തിന്റെ ഭാഗമാണ്. അടുത്തിടെ ആകെയുള്ളതില്‍ ഒരു ശതമാനം ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു.