പുതുവർഷം ആദ്യവാരത്തിലെ തുടർച്ചയായ മൂന്നോളം മരണങ്ങൾക്കുശേഷം വീണ്ടും യുകെ മലയാളികളെ ഞെട്ടിച്ച് രണ്ട് ആകസ്‌മിക മരണങ്ങൾ ഇന്നലെ നടന്നു.
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ടു മരണവാര്‍ത്തകള്‍ യുകെ മലയാളികളെ തേടിയെത്തിയത്.. ലൂട്ടനില്‍ വിവിയന്‍ ജേക്കബും പോര്‍ട്സ്മൗത്തിലെ ജിജിമോന്‍ ചെറിയനുമാണ് അപ്രതീക്ഷിതമായി വേർപിരിഞ്ഞത്.
ഏതാനും ദിവസമായി ബാധിച്ച ന്യൂമോണിയ മൂർഛിച്ചാണ് വിവിയന്‍ ജേക്കബിന്റെ മരണം. തൊടുപുഴ സ്വദേശിയായ വിവിയന്‍ നന്നേ ചെറുപ്രായത്തില്‍ യുകെയിലെത്തിയതാണ്. പിന്നീട് ബ്രിട്ടീഷ് ആര്‍മിയില്‍ ജോലി ചെയ്തശേഷം ഏറെനാള്‍ നാട്ടിലേക്ക് തിരികെപ്പോയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിവിയൻ യുകെയില്‍ മടങ്ങി എത്തിയത്.
രണ്ടുവര്‍ഷം മുന്‍പ് കൗമാരക്കാരിയായ മകള്‍ കെയിൻ മരണപ്പെട്ടതും പനിബാധിച്ചാണെന്നത് വിധിയുടെ ക്രൂരതയായി. പനിയും തുടര്‍ന്നെത്തിയ ന്യുമോണിയയും ചേര്‍ന്നപ്പോളാണ് വിദ്യാര്‍ത്ഥിനിയായ കെയ്നെ കുടുംബത്തിന് നഷ്ടമായത്.
വിവിയന്റെ സംസ്‌കാരം യുകെയില്‍ തന്നെ നടത്താനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കൾ.
മലയാളികളെ വേദനയിലാഴ്ത്തി കടന്നുവന്ന പോര്‍ട്‌സ്മൗത്തിലെ ജിജിമോന്റെ മരണം മറ്റൊരു അപ്രതീക്ഷിത ദുരന്തകഥ പറയുന്നു. മകന്റെ വിവാഹ ഒരുക്കങ്ങള്‍ക്ക് നാട്ടില്‍ പോയി മടങ്ങി വരവേ ആയിരുന്നു ജിജിമോന്റെ വേർപാട് എന്നതാണ് ബന്ധുക്കളെ കൂടുതൽ ദുഖത്തിലാഴ്ത്തുന്നത്.
ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന മകന്റെ വിവാഹവുമായി ബന്ധപെട്ടു നാട്ടില്‍ പോയിരുന്ന ജിജിമോന്‍ ചെറിയാന്‍, ദുബായില്‍ നിന്നും ഗാറ്റ് വിക്കിലേക്കുള്ള യാത്രയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുന്‍പേ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
വൈകിട്ട് അഞ്ചു മണിയോടെ വിമാനത്തില്‍ വച്ച് ടോയ്ലെറ്റില്‍ പോയി സീറ്റിലേക്ക് മടങ്ങവെ ജിജിമോന്‍ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. നെഞ്ചുവേദന തോന്നിയ ജിജിമോന് വിമാനത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നീണ്ട നേരം സിപിആര്‍ നല്‍കി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്.
വിമാനം ലാന്‍ഡ് ചെയ്യാന്‍ അധികസമയം ഇല്ലാത്തതിനാല്‍ മറ്റു എയർപോർട്ടുകളിൽ എമർജൻസി ലാൻഡിംഗ് നടത്തിയുമില്ല. എന്നാൽ ഒരു മണിക്കൂറിനുശേഷം വിമാനത്തില്‍ വച്ചുതന്നെ മരണം സ്ഥിരീകരിക്കുക ആയിരുന്നു. ഈ പ്രയാസമെല്ലാം കണ്ട് ഒപ്പം ഉണ്ടായിരുന്ന ഭാര്യ ബോധംകെട്ടു വീണുവെന്നും സഹയാത്രികര്‍ പറയുന്നു.
ജിജിമോന്റെ മൃതദേഹം വര്‍ത്തിങ് ആശുപത്രിയിലേക്ക് മാറ്റിയതോടെ അര്‍ദ്ധ രാത്രിയോടെ കുടുംബം പോര്‍ട്‌സമൗത്തിലേക്ക് മടങ്ങി. ഏറെക്കാലമായി ഇവിടെയുള്ള കുടുംബത്തെ തേടിയെത്തിയ അത്യാഹിതത്തില്‍ ഞെട്ടി തരിച്ചിരിക്കുകയാണ് പോര്ടസ്മൗത് മലയാളികള്‍.
മകന്റെ വിവാഹത്തിന് ക്ഷണിച്ചും നാട്ടില്‍ നിന്നും പ്രിയപെട്ടവരോടൊക്കെ യാത്ര പറഞ്ഞും മടങ്ങിയ ജിജിമോന്റെ മരണം വല്ലാത്ത നടുക്കമാണ് നാട്ടിലും സൃഷ്ടിച്ചിരിക്കുന്നത്. ജിജിയുടെ ചേട്ടന്റെ മകന്റെ വിവാഹത്തിനും മൂത്ത മകന്‍ ജീഫോണ്‍സിന്റെ ആഗസ്റ്റ് മാസത്തിലേയ്ക്ക് തീരുമാനിച്ചിരിക്കുന്ന കല്യാണ ഒരുക്കങ്ങള്‍ക്കുമായി നാട്ടില്‍ പോയതായിരുന്നു കുടുംബം. മണിക്കൂറുകള്‍ക്ക് മുന്‍പേ സന്തോഷത്തോടെ യാത്ര പറഞ്ഞു പിരിഞ്ഞ മനുഷ്യനെ ഇനി കാണാനാകില്ല എന്ന വാര്‍ത്തയാണ് കുടുംബ അംഗങ്ങളെ തേടി അര്‍ദ്ധരാത്രിയില്‍ എത്തിയത്.
അതിനിടെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡാം റോയല്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ ശനിയാഴ്ച കുത്തേറ്റത് മലയാളി നഴ്‌സിനാണെന്ന സ്ഥിരീകരണം വന്നു.
മലയാളിയും സീനിയർ നഴ്‌സുമായ 57-കാരി അച്ചാമ്മ ചെറിയാനെയാണ് അക്യൂട്ട് മെഡിക്കല്‍ യൂണിറ്റില്‍ ഡ്യൂട്ടിക്കിടെ ആക്രമാസക്തനായ രോഗി കത്രിക ഉപയോഗിച്ച് കുത്തിയത്. അച്ചാമ്മ ചെറിയാന്റെ കഴുത്തിലാണ് പരുക്കേറ്റത്.
പരുക്കേറ്റ നഴ്‌സ് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് ഡിറ്റക്ടീവ് സൂപ്രണ്ട് പറഞ്ഞു. നഴ്‌സിനെ അക്രമിച്ച 37-കാരന്‍ റൊമന്‍ ഹഖിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.ചികിത്സ വൈകിയതിനാലാണ് ഇയാൾ പ്രകോപിതനായതെന്ന് പറയുന്നു.
2007 മുതല്‍ ഇവിടെ താമസിക്കുന്ന വ്യക്തിയാണ് അച്ചാമ്മ ചെറിയാനെന്ന് അയല്‍ക്കാര്‍ വെളിപ്പെടുത്തി. ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. അലക്‌സാണ്ടര്‍ ചാണ്ടിയാണ് അച്ചാമ്മയുടെ ഭര്‍ത്താവ്.
കോടതിയില്‍ ഹാജരാക്കിയ ആക്രമി ഹഖ് പേര് 'മുഹമ്മദ് റോമന്‍ ഹഖ്' എന്നാണെന്ന് സ്വയം അറിയിച്ചു. ഫെബ്രുവരി 18ന് മിന്‍സ്ഹള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതിയിലാണ് ഇയാളെ ഇനി ഹാജരാക്കുക. ഈ സമയം വരെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.