ജിദ്ദ: 'ഗൂഗിള്‍ പേ' സംവിധാനം സൗദി അറേബ്യയിലും യാഥാര്‍ഥ്യമാവുന്നു. ഇത് സംബന്ധിച്ച കരാറില്‍ സൗദി സെന്‍ട്രല്‍ ബാങ്കും ഗൂഗിളും ഒപ്പുവെച്ചു. ദേശീയ പേയ്മെന്റ് സംവിധാനമായ മാഡാ വഴി 2025 ല്‍ തന്നെ പദ്ധതി രാജ്യത്ത് ആരംഭിക്കുമെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സൗദി വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്തിന്റെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി സൗദി സെന്‍ട്രല്‍ ബാങ്കിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗിള്‍ പേ ആരംഭിക്കുന്നത്. ഷോപ്പുകളിലും ആപ്പുകളിലും വെബിലും മറ്റുമുള്ള ക്രയവിക്രയത്തിന് നൂതനവും സുരക്ഷിതവുമായ പേയ്മെന്റ് രീതി 'ഗൂഗിള്‍ പേ' പദ്ധതിയിലൂടെ ഉപയോക്താക്കള്‍ക്ക് നല്‍കാനാവും.
ഗൂഗിള്‍ വാലറ്റില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ മാഡാ കാര്‍ഡുകള്‍ സൗകര്യപ്രദമായി ചേര്‍ക്കാനും കൈകാര്യം ചെയ്യാനും കഴിയും. അതേസമയം , അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്ന നൂതന ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിലൂടെ പണത്തെ ആശ്രയിക്കാത്ത ഒരു സമൂഹത്തിലേക്കുള്ള രാജ്യത്തിന്റെ പരിവര്‍ത്തനം സാധ്യമാക്കാനാണ് സൗദി സെന്‍ട്രല്‍ ബാങ്ക് ലക്ഷ്യമിടുന്നത്.